മലയാളത്തിലെ ക്ലാസിക്കിൽ ഒന്നാണ് ഭാർഗ്ഗവീനിലയം. ആദ്യ പ്രേത സിനിമ, സാങ്കേതിക മികവ്, ഇന്നും ആളുകൾ ഓർക്കുന്ന മ്യൂസിക്കൽ, കഥ പറഞ്ഞ് പോവുന്ന, പിന്നീട് സിനിമകൾക്ക് ഏറെ പരിചിതമായ ശൈലി അങ്ങനെ കാലത്തിനൊത്ത് വായിക്കുമ്പോൾ ഗംഭീരമെന്ന് പറയുന്ന ഒരുപാട് ക്രാഫ്റ്റുകൾ ഉള്ള സിനിമ. ആ സിനിമ പുനരാവിഷ്കരിച്ചപ്പോൾ അതേ ക്രാഫ്റ്റ് ക്വാളിറ്റി കാണിക്കാൻ സിനിമക്ക് സാധിച്ചു.
പി ഭാസ്കരൻ എഴുതിയ വരികളും, ബാബുരാജിന്റെ ഈണവും മാറ്റാതെ, എന്നാൽ കാലത്തിനൊത്ത് റീക്രീയേറ്റ് ചെയ്യുകയാണ് ബിജിബാലും റെക്സ് വിജയനും ചെയ്തത്.
ഏറെക്കുറെ പഴയ സിനിമയുടെ തിരക്കഥ തന്നെയാണ് ഈ സിനിമയും പിൻപറ്റുന്നത്. ഭാർഗ്ഗവീനിലയത്തിൽ മാറ്റാരുടേയോ കഥയെന്ന മട്ടിൽ ഒരു 'നോവലിസ്റ്റ്' എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ കഥയായി ബഷീർ അവതരിപ്പിക്കുമ്പോൾ, ആ നോവലിസ്റ്റ് ബഷീർ തന്നെയാണെന്ന് ഉറപ്പിച്ച്, ബഷീർ സാഹിത്യത്തിലെ ടൈംലൈനുമായി ചേർന്ന് പോവുന്ന പല കഥാസന്ദർഭങ്ങളുമായി ചേർത്താണ് ഋഷിയുടെ തിരക്കഥ നിലനിക്കുന്നത്. അനർഘനിമിഷവും, അനുരാഗത്തിന്റെ ദിനങ്ങളും സിനിമയിൽ സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്.
(നീലവെളിച്ചമെന്ന കഥയിൽ തനിക്ക് പറ്റിയ സംഭവമായാണ്, ഫസ്റ്റ് പേർസണിൽ നിന്നാണ് ബഷീർ കഥ പറയുന്നത്. മതിലുകൾ ബുക്കിലും സിനിമയിലും പ്രധാന കഥാപാത്രം ബഷീർ തന്നെയാണ് എന്ന് ഉറപ്പിക്കുന്നുണ്ട്. എന്നാൽ ഭാർഗ്ഗവീനിലയത്തിൽ അത് ചെയ്യുന്നില്ല)