നാലു കാര്യങ്ങളാണ് ഈ സിനിമയെ സിനിമ ആക്കുന്നത്. സംവിധായകൻ, നടൻ, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം. എല്ലാം സിനിമയും ഇങ്ങനെയല്ലേ എന്ന് ചൊദിച്ചാൽ, ആണ്. പക്ഷെ ഇതിൽ ഇവയെല്ലാം ഒന്നിൽ ഒന്ന് മെച്ചമാണ്.
സംവിധായകൻ
കേരളത്തിനും ദൂരെ,ഒരു കൊച്ചു ഗ്രാമത്തിൽ എന്ന ഫിക്ഷനൽ കഥ പറച്ചിലിന്റെ സാധ്യത വർഷങ്ങളായി മലയാളത്തിൽ വർക്കൗട്ട് ആവാത്ത (പ്രിയദർശൻ ആയിരുന്നു ഇതിന്റെ ഉസതാദ്!) സമയത്താണ് കാലവും പ്രാദേശികതയും പറഞ്ഞ് കൊണ്ട് തന്നെ ഇങ്ങനെ ഒരു കഥ പറയാൻ ലിജോക്ക് സാധിക്കുന്നത്. ചുരുളിയിലും ഇത് വർക്ക് ആക്കാൻ ലിജോക്ക് സാധിച്ചു. (ജെല്ലിക്കെട്ടിൽ ഒരുമാതിരി സാധാരണക്കാരെ ആക്കുന്ന പ്ലേസ്മെന്റ് ആയിരുന്നു). മോട്ടിഫുകൾ കൃത്യമായി കൊണ്ടുവരാനും. മരവും ചുമരും നാടകവും മുതൽ അമ്മയുടെ അന്ധതയും പിരിഞ്ഞ പാലും വരെ കഥ പറയാൻ ഉപയോഗിച്ച രീതി ഗംഭീരമാണ്.
നടൻ
മമ്മൂട്ടിയെ കാണാൻ സൗണ്ട് തോമയുടെ ഛായ ഉണ്ടോ? പക്ഷെ ഭാര്യയോട് സംസാരിക്കുന്ന കൈയ്യൊപ്പിലെ പോലല്ലേ? പക്ഷെ ആ സങ്കടം വരുന്ന കണ്ണ്, അതിനു പ്രാഞ്ചിയേട്ടന്റെ ഒരു ശൈലിയുണ്ട്, അല്ല കാഴ്ച? - കോപ്പ്. ഒരു നടനെങ്ങനെ നൂറു തരത്തിൽ അഭിനയിക്കുന്നു? ഇങ്ങേരാണോ ഉണ്ടയിൽ അഭിനയിച്ചത്? അപ്പൊ ഇങ്ങനെ അല്ലായിരുന്നല്ലോ സങ്കടവും പേടിയും ഒന്നും!
ഛായ
എന്നാലും എന്റെ തേനീ ഈശ്വരാ. ഒരു സ്ഥലത്ത് വെറുതെ ഒരു ക്യാമറ വയ്ക്കാൻ പറഞ്ഞാൽ എങ്ങനെ അതിൽ ഇങ്ങനെ ഫ്രേം ഫോം ചെയ്യാൻ സാധിക്കുന്നു? ഓരോ ഫ്രേമും ഓരോ ചിത്രങ്ങളാണ്. ഇരുന്ന് സ്ക്രീൻ ഷോട്ട് എടുത്താൽ പോസ്റ്റ് കാർഡ് ആക്കി അയക്കാൻ സാധിക്കുന്ന ചിത്രങ്ങൾ. എന്നാൽ ആ വൈഡ് ഷോട്ടുകൾക്ക് എല്ലാ പെർഫോർമെൻസും കിട്ടുന്നുണ്ട് താനും. നമിച്ചണ്ണാ!
പശ്ചാത്തല സംഗീതം
തമിഴ്നാട്ടിൽ ഒരു തവണയെങ്കിലും നടന്നവർക്ക് അറിയാം, ആ നാടിനു അതിന്റേതായ ഒരു പശ്ചാത്തല സംഗീതമുണ്ട്. സംഭാഷണം, സിനിമ, പാട്ട്, ഭക്തി പാട്ട്, കൊട്ട്, അടിപിടി എല്ലാം കൂടിയ ഒരു പശ്ചാത്തലം. അതിനെ കൃത്യമായി ഒരു സിനിമയുടെ ബാക്ക്ഡ്രോപ്പായി, ഒരു കാരക്ടറായി കൊണ്ടുവരാൻ ഈ സിനിമക്ക് സാധിക്കുന്നു. പല സംഭാഷണങ്ങൾക്കും പറയാതെ മറുപടി നൽകുന്നത് പിന്നിൽ കേൾക്കുന്ന സിനിമാ ഡയലോഗുകൾ വഴിയാണ്.