മലയാള ത്രില്ലർ സിനിമകൾക്ക് എപ്പോഴും നട്ടെല്ലാവുന്നത് കാരണങ്ങൾ നിരത്തുന്ന കഥയും (Motive and MO), അതിനൊപ്പമുള്ള ട്വിസ്റ്റുമാണ്. പൂർണ്ണമായി ഒരു തില്ലർ അല്ലെങ്കിലും, അതിൽ നിന്ന് മാറി, ആഖ്യാനത്തിന്റെ ബലത്തിൽ ത്രില്ലടിപ്പിക്കുന്ന മുംബൈ പോലീസ്, ഉത്തരം, യവനിക തുടങ്ങിയ സിനിമകൾക്കൊപ്പം നിർത്താവുന്ന സിനിമയാണ് കിഷ്കിന്ധാകാണ്ഡം. പശ്ചാത്തലവും കഥാപാത്രങ്ങളേയും കൃത്യമായി കോർത്തിണക്കി, കഥ പറച്ചിലിൽ കേന്ദ്രികരിച്ച് സിനിമ നീങ്ങുന്നത് കണ്ടാൽ ഇത് തിരക്കഥാകൃത്തിന്റെ ആദ്യ സിനിമാണെന്ന് വിശ്വസിക്കില്ല.
വിജയരാഘവന്റെ അത്യുജ്ജ്വല കഥാപാത്രമാണ് അപ്പുപ്പിള്ള. ചിന്തയും ഭീതിയും മാനസിക പിരിമുറുക്കവും, എന്നിങ്ങനെ പലതും ഒരേ ലെയറിൽ മിന്നി മറയുന്ന വിധം കാണിക്കാനും, അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിക്കുന്നു. ആസിഫ്, അപർണ്ണ, ജഗദീഷ് എന്നിവരുടെ കാസ്റ്റിങ്ങും, എഡിറ്റും, പശ്ചാത്തല സംഗീതവും സിനിമയെ പൂർണ്ണതയിലേക്ക് എത്തിക്കുനു.
രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തിൽ മായാവിയെ വധിക്കാൻ കയറുന്ന ബാലി (വാലി), ഗുഹയിൽ നിന്ന് വരുന്നത് ചൊരയാണെങ്കിൽ താൻ മരിച്ചെന്നും, പാലാണെങ്കിൽ മരിച്ചത് മായാവിയാണെന്നും, അത് നോക്കി ഇരിക്കണമെന്നും പറഞ്ഞ് സുഗ്രീവനെ ഏല്പിക്കുന്നുണ്ട്. ആ പണിയിവിടെ കാണികൾക്കാണ് - വരുന്നത് പാലാണോ, ചോരയാണൊ, മായാവിയുടെ തന്ത്രമാണോ എന്ന് നോക്കി മുൾമുനയിൽ ഇരിക്കണം. ❤️