Series/മനോരതങ്ങൾ

Cover Image
Malayalam • 2024 • M. T. Vasudevan Nair • Zee 5

എം.ടിയുടെ കൊള്ളാവുന്ന 9 ചെറുകഥകളെ അധികം മാറ്റം വരുത്താതെ സിനിമാ രൂപത്തിൽ എത്തിച്ചിരിക്കുകയാണ് 8 സംവിധായകന്മാർ. ആ കഥ അതുപോലെ തന്നെ പറയണെമെന്ന് വാശിയുള്ള വിധം സിനിമ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കഥകൾ ഒന്നും കൂടി വായിക്കാൻ ഓർമ്മിപ്പിക്കുന്നു എന്നൊഴിച്ചാൽ ശരാശരി ആന്തോളജിയാണ്.

ഓളവും തീരവും

മോശമായിരുന്നു ഓളവും തീരവും. സിനിമയായി വന്ന, ശ്രദ്ധ നേടിയ ഒരു കഥയെ, ഒട്ടും ആഴമില്ലാത്ത, പരപ്പില്ലാത്ത സിനിമയാക്കി മാറ്റി പ്രിയദർശൻ. സന്തോഷ് ശിവൻ ചെയ്ത എറ്റവും മോശം ഛായാഗ്രഹണമാണിത്. കാസ്റ്റിങ്ങ് അറുബോറായി. പെരടിക്ക് കഥയിറങ്ങിയ കാലത്ത് കാണും കഥാപാത്രത്തിലും പ്രായം. അരോചക അഭിനയവും!

കഡുഗണ്ണാവ, ഒരു യാത്രാക്കുറിപ്പ്

ഒറ്റക്കൊരു കഥയല്ല കഡുഗണ്ണാവ. അതിന്റെ ആർദ്രത, കഥയുടെ ആത്മാവ് നിൽക്കുന്നത് 'നിന്റെ ഓർമ്മക്ക്' എന്ന കഥയിലാണ്. ഒറ്റക്കൊരു വായന, അതും സിനിമയാവുമ്പോൾ ചെയ്യണമായിരുന്നോ? നല്ല കാസ്റ്റിങ്ങ് ആയിരുന്നു. അവാസന മോണോലോഗ് ഇട്ട് ഒരുമാതിരി തട്ടിക്കൂട്ട് പടമാക്കി. ഇതിനാണെങ്കിൽ ഇരുന്ന് വായിച്ചാൽ പോരായിരുന്നോ?

കാഴ്ച ✦

നോവലുകളെ, കഥകളെ അഡാപ്റ്റ് ചെയ്യാനുള്ള കഴിവ് മുൻപും കാണിച്ച സംവിധായകനാണ് ശ്യാമപ്രസാദ്. ശ്യാമപ്രസാദ് തനിക്കാപണിയറിയാം എന്ന് ഒന്നു കൂടി തെളിയിക്കുന്നു. പാർവതിയുടെ അഭിനയം, ശരീര ഭാഷയിൽ പ്രകടമായി വരുന്ന ആത്മവിശ്വാസം, നിമീഷിന്റെ ഛായാഗ്രഹണം എന്നിവ സിനിമയെ നല്ല അനുഭവം ആക്കുന്നു.

ശിലാലിഖിതം

'ഓളവും തീരവും' വച്ച് നോക്കുമ്പോൾ സിനിമ ഭേദതമാണ്. ബിജുമേനോൻ, ശാന്തി കൃഷ്ണ, ബിജുമേനോന്റെ മോൾ എന്നീ കാസ്റ്റിങ്ങും നല്ലതായിരുന്നു. ഓർമ്മയിൽ ഇല്ലാത്ത കഥ ആയതുകൊണ്ടാവണം, സിനിമ കാണുമ്പോൾ തലയിൽ കയറി വന്ന 'ട്വിസ്റ്റുകൾ' എല്ലാം എത്ര ഭീകരമാണെന്നും, 70-ലെ നിന്നും, ഇന്നത്തെ നമ്മളിൽ എത്തുമ്പോൾ അപകടത്തിന്റെ ബേസ് എത്ര മാറിയുന്നും ഓർത്ത് പോയി.

വില്പന

രസമുള്ള കഥയാണ്. പലരീതിയിലും വായിക്കാവുന്ന ഒരു കഥ. എന്നും പറഞ്ഞ് നിന്ന് വായിപ്പിക്കണോ? മധുബാല ആസിഫിനോട് വായിക്കാൻ അറിയാത്ത മലയാളം ബുദ്ധിമുട്ടി പറഞ്ഞ് കൊണ്ടുക്കുന്നത് പോലെയുണ്ട്. (അവസാനം ഒരു എക്സ്ട്രാ ഡയലോഗ് കൈയ്യിൽ നിന്നിട്ട്, അതും കുളമാക്കി!)

ഷർലോക്ക് ✦

ആദ്യ വായനയിൽ ഒരു ബഷീറിയൻ ടച്ച് തോന്നിപ്പിച്ച കഥ. രസമുള്ള രീതിയിൽ തന്നെ മഹേഷ് നാരായണൻ എടുത്ത് പോവുന്നുണ്ട്. ഫഹദ് നാദിയ നല്ല കാസ്റ്റിങ്ങ് ആണ്. പൂച്ച-ഫഹദ് സംഭാഷണം കഥയിലേക്ക് അടുപ്പിച്ചു.

കടൽക്കാറ്റ്

സിനിമ ആക്കാൻ മാത്രം ആ കഥയുണ്ടോ? അല്ലെങ്കിൽ, ഇന്നത്തെ കാലത്തിൽ നിന്നും തിരിച്ച് പോയി വായിക്കാൻ മാത്രം ആ കഥയ്ക്ക് ആഴമുണ്ടോ? അറിയില്ല. തോന്നിയില്ല. ഇന്ദ്രജിത്തിതിന ഇപ്പോൾ കാണാൻ സുകുമാരൻ ഛായ.

സ്വർഗ്ഗം തുറക്കുന്ന സമയം ✦

'ആൾക്കൂട്ടത്തിൽ തനിയെ'യുടെ കഥാരൂപം. കഥ തിരക്കഥയാക്കുമ്പോൾ കഥാപാത്രങ്ങളിലും കഥയിലും എന്ത് മാറ്റം വരുത്തണമെന്നും എത്രത്തോളം അവ ഡിഫൈൻഡ് ആവണമെന്നും എം ടിക്ക് കൃത്യമായി അറിയാം. ഐ വി ശശിക്കും. ആ specificityയും convictionനുമാണ് ഈ സിനിമക്ക് ഇല്ലാതെ പോവുന്നത്. നിഖിൽ എസ് പ്രവീണിന്റെ ഛായാഗ്രഹണവും ഇന്ദ്രൻസ് ചെയ്ത കഥാപാത്രമല്ലാതെ ബാക്കിയെല്ലാം മുഴച്ച് നിൽക്കുന്നു.

അഭയം തേടി വീണ്ടും

സിദ്ദിഖ് നല്ല കാസ്റ്റിങ്ങ് ആയിരുന്നു. ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ആ കഥയെ, നല്ല രീതിക്ക് പറഞ്ഞ് പോവാമായിരുന്നു. ഓവർ ഇന്റലക്ചലൈസ് ചെയ്തത് പോലെ തോന്നി. അനാവശ്യ ജമ്പ് കട്ട് സിനിമയെ പഴയതാക്കി.