മലയാളം മാത്രമറിയുന്നവര്‍ക്കു് കൂടി ഉപയോഗിക്കത്തക്ക വിധത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടിയുള്ള ലോഗോ തയ്യാറായി. അധികമൊന്നും പ്രയോഗത്തിലില്ലെങ്കിലും മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള അക്ഷരമാണു് "ഋ" എന്നത്‌ ഒരല്പം കലാവാസനയുള്ള ഏതു മലയാളിയും അംഗീകരിക്കും. അതുകൂടാതെ, ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളത്തിനു മാത്രം സ്വന്തമാണു ഈ അക്ഷരം എന്നൊരു പ്രത്യേകത കൂടി എടുത്തു പറയേണ്ടതായുണ്ട്‌. അതുകൊണ്ടു് തന്നെ ഈ അക്ഷരത്തെ അടിസ്ഥാനമാക്കിയാണു് രവി സംഘമിത്ര, ഹിരണ്‍ വേണുഗോപാലന്‍ എന്നിവര്‍ ചിഹ്നചിത്രം രൂപകല്പന ചെയ്തതു്. ഒഴുക്കന്‍ മട്ടിലും തോതനുസൃതമായും എന്നിങ്ങനെ രണ്ടുവിധത്തില്‍ ഈ ലോഗോ സൃഷ്ടിച്ചിട്ടുണ്ടു്. ഇവകൂടാതെ കൈയ്യക്ഷര രീതിയില്‍ മലയാളത്തില്‍ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്" എന്നെഴുത്തും ഉണ്ടാക്കിയിട്ടുണ്ട്.പ്രസിദ്ധ ചിത്രകാരനും ഫെഡോറ, ഓപ്പണ്‍ ഓഫീസ്സ് തുടങ്ങിയവയ്ക്കു് വേണ്ടി കലാകാരനായി പ്രവര്‍ത്തിക്കുന്ന നിക്കുവിന്റെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അംഗങ്ങളുടേയും വിലപ്പെട്ട ആശയങ്ങളും വിമര്‍ശനങ്ങളും ചിഹ്നരചനയ്ക്കു് പ്രോത്സാഹനമായി. അവര്‍ക്കു് നന്ദി.
കൂടുതല്‍ വിവരങ്ങളിവിടെ.