അടുത്ത ‘വനിത’യിൽ പ്രതീക്ഷിക്കാവുന്ന ലേഖനങ്ങൾ : “മഴവിൽ ഡിപിയിട്ട കൗമാരക്കാരിയുടെ അമ്മമാർ അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ” “നിങ്ങളുടെ മക്കൾ ഫേസ്ബുക്ക് ചതിക്കുഴിയിൽ വീഴാതിരിക്കാൻ ചെയ്യേണ്ടത്” “എൽജിബിട്ടി – മക്കൾക്ക് മനസ്സിലാക്കി കൊടുക്കേണ്ട 7 സംശയങ്ങൾ”

ഒരു സർക്കാർ പരസ്യം: വാതിലടച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന യൂത്തൻ. അശ്ലീന ചിത്രത്തിലേക്ക് അവൻ പെൺകുട്ടിയുടെ തല മോർഫ് ചെയ്തു തിരുകുന്നു. എന്നിട്ട് ഫേസ്ബുക്കിൽ അപ്ലോഡാവുന്നു. അത് ലോകം മുഴുവൻ കാണുന്നു. (ഒരു ഫൂമി, അതിനു ചുറ്റും സോഷ്യൽ ഐക്കൺസ്, പീ പീ എന്ന് പോവുന്ന ഡേറ്റ – ഇന്റലെക്ച്വൽ ആണ്) അതാ അത് സൈബർ ക്രൈമിന്റെ കണ്ണിൽ പെടുന്നു. അവർ പയ്യന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് വീട്ടിൽ വന്ന് അവന്റെ കൈയ്യിൽ വിലങ്ങണിയിക്കുമ്പോൾ അവന്റെ അച്ഛൻ ഞെട്ടിത്തരിച്ചിരിക്കുന്നു! സ്ക്രീനിൽ അപ്പോൾ തെളിയുന്നു “കളിയല്ല കമ്പ്യൂട്ടർ!, ഉമ്മഞ്ചാണ്ടി സർക്കാർ അഞ്ചാം വർഷത്തിലേക്ക്!” ചുമ്മ കളിയല്ലാ, കാര്യമായി ഫോട്ടോഷോപ്പൊക്കെ ചെയ്താണ് ഞങ്ങളൂം ഭരണത്തിൽ ഇരിക്കുന്നതെന്നാണോ ഉമ്മച്ചൻ ഉദ്ദേശിച്ചത്? ബൈദബൈ, ‘വനിത’യുടെ പണി സർക്കാർ പിആർഓ എറ്റേടുത്ത് സ്ഥിതിക്ക് വനിതയിൽ “ഭർത്താവിന്റെ പരസ്ത്രിബന്ധത്തിനു തെളിവില്ലാത്ത പത്ത് തെളിവുകൾ” എന്നോ മറ്റും കോളമിട്ട് ആശ്വസിക്കാം!

ഒന്നാം ലോക മഹായുദ്ധം.

ഒന്നാം ലോക മഹായുദ്ധം, 2015 : ട്രാഫിക്കിൽ കുടുങ്ങിയ ദൃശ്യം. ഡയലോഗ് – ട്വിസ്റ്റ് – ബിജിഎം – നായിക – ബിജിഎം – നായിക – ബിജിഎം – ട്വിസ്റ്റ്- ബിജിഎം – ട്വിസ്റ്റ് – നായിക – ബിജിഎം – ബിജിഎം – ട്വിസ്റ്റ് – ട്വിസ്റ്റ്. ജോജു ഉള്ളതുകൊണ്ട് മാത്രം ലാപ്ടോപ്പ് തല്ലിപൊട്ടിക്കാതിരുന്ന രണ്ടാമത്തെ സിനിമ. എല്ലാവരും ഇത് കാണണം. ഇനി ഒരു ലോക മഹായുദ്ധം ഉണ്ടാവരുതെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കാൻ സിനിമ കാരണമാവും!

സ്മ്രിതി ഇറാനി മന്ത്രിയായത് സീതയായി അഭിനയിച്ചത് കൊണ്ടാണെന്നൊന്നും ഗജേന്ദ്രക്ക് എഫ്ടിഐഐ ചെയർമാൻ പദവി കിട്ടാൻ കാരണം യുധീഷ്ടിരനായി അഭിനയിച്ചതാണെന്നൊന്നും പറയല്ലേ! പത്തിരുപത് കൊല്ലം കഴിഞ്ഞെങ്ങാനും കേരളത്തിൽ താമര വിടർനാൽ ആ ബാല ഗണപതിയെ സഹിക്കേണ്ടിവരും!

മാണിയുടെ കോഴയും ബോബി ചെമ്മണ്ണൂരിന്റെ അഴിമതിയും ഒന്നുമല്ല കേരളത്തിന്റെ യഥാർത്ഥ പ്രശ്നമെന്നും അത് ബാല-അമൃത വിവാഹമോചനമാണെന്നും കണ്ടെത്തിയ മനോരമക്ക് സലാം. ഇനി ആ വാർത്ത ദിവസം 8 തവണ വിതം നെറ്റിലും, 6 കോളം പത്രത്തിലുമിട്ട് കോടതി വഴി അവരുടെ കുടുമ്പത്തിലെ ആരു പോയാലും അത് ന്യൂസ് ചാനലിൽ വാർത്തയാക്കി അവസാനം അവരെ വേർപെടുത്തി രണ്ട് ലക്കം വനിതയിലായി കവർ ഇന്രർവ്യു കൊടുക്കുന്നത് വരെ ബാക്കി താരങ്ങൾക്ക് വിശ്രമിക്കാം !

നാട്ടിൽ കോഴയും കൈക്കൂലിയും അഴിമതിയും ഗുണ്ടയും ഒന്നും ഇല്ലാതെ ‘മാവേലി നാടായി’ ഇരിക്കുന്നത് കൊണ്ടാണോ ഇപ്പൊ സ്കൂളിൽ നിന്ന് ‘മുങ്ങി’ തീയറ്ററിൽ പൊങ്ങുന്ന പുള്ളാരേ പിടിക്കാൻ കേരളാ പോലീസിന്റെ ഓപറേഷൻ ഗുരുകുലം! പത്ത് പോലീസിനെ പിടിച്ച് വേയിലത്ത് നിർത്തുന്നതിനു പകരം വിദ്യാർത്ഥികൾക്ക് സിനിമ അങ്ങ് ബാൻ ചെയ്തൂടേ!

സാമ്രാജ്യം 2

സാമ്രാജ്യം 2, 2015 : ഹൈപ്പുകളുടെ ആരവമില്ലാതതിനാൽ മലയാളി അറിയാതെ പോവുന്ന ഒരു മാണിക്യം. അത്യുജ്ജ്വലമായ തിരക്കഥയും സംവിധാനവും പാത്ര സൃഷ്ടിയും സിനിമയെ ഗംഭീരമാക്കി. സാങ്കേതികവിദ്യയുടേയും എഡിറ്റിങ്ങ് തന്ത്രത്തിന്റേയും മാസ്മരീകമായ ഉപയോഗം സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വസ്തുതയാണ്. 25 വർഷങ്ങൾക്ക് മുൻപിറങ്ങിയ സിനിമയിലെ സീനുകളെ വീണ്ടും റീടോൺ ചെയ്തും അതിലേക്ക് പുതിയ സീനുകൾ ആഡ് ചെയ്തും കൊളാഷിൽ ലിപ്സിങ്ക് വരുത്തി ‘കവിത’ സൃഷ്ടിച്ചും ഇരുപതുമിനുട്ടോളമുള്ള ഫ്ലാഷബാക്കിനെ ഒരു അനുഭവമായി മാറ്റുന്നു സംവിധായകൻ. പോസ്റ്ററിൽ കാണുന്ന നായകനു പകരം മറ്റൊരു നടനെ അഭിനയിപ്പിച്ച് ഇടവേളവരെ നായകനെ കാണിക്കാത്തെ പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ പേരരശിനു സാധിക്കുന്നു.

ഇന്രർവെല്ലിനു തൊട്ടുമുമ്പ് മാത്രം പ്രത്യക്ഷപ്പെടുന്ന ഉണ്ണിയേട്ടൻ ജോർദാൻ എന്ന സങ്കീർണമായ കഥാപാത്രത്തെ അനായസമായി ഫലിപ്പിച്ചിരിക്കുന്നു. ഒരു പക്ഷെ രാവണപ്രഭുവിൽ കാർത്തികേയനായി ലാലേട്ടനു പകരം ഉണ്ണിയേട്ടയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിപ്പിക്കുന്ന ത്രസിപ്പിക്കുന്ന പ്രകടനം ഉണ്ണിയേട്ടനിൽ പ്രേക്ഷകർക്കു നൽകുന്നു. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷനും കേട്ടാൽ രോമാഞ്ചം വരുന്ന ഡയലോഗുകളും മലയാള സിനിമയുടെ പ്രതാപകാലത്തെ ഓർമ്മിപ്പിച്ചു. നായികയായി വന്ന നടിയുടെ അഭിനയം ആദ്യ സിനിമയായ ‘പ്രൈസ് ദ ലോഡിലെ’ പോലെ തന്നെ അഭിനന്ദനാർഹമാണ്.

സ്ഥിരം ബോബുകഥകളിൽ നിന്നും, തട്ടമിട്ടും ഇടാതേയും പ്രേമിക്കുന്ന സിനിമകളിൽ നിന്നും ഏറേ മാറി നടക്കുന്ന സിനിമക്ക് ഇന്രർനെറ്റിൽ ഹൈപ്പുണ്ടാക്കാൻ ഒരു വലിയ ബാനറോ ‘മലരോ’ ഇല്ലന്നെ ഒരൊറ്റ കാരണത്താൽ കാണികളിലാതെ കാലിയായി കിടക്കുന്ന തീയറ്റർ കാണുമ്പോൾ മലയാള സിനിമയുടെ നിലവാരതകർച്ചക്ക് കാരണം കാണികൾ ആയ നമ്മൾ തന്നെയാണെന്ന് മനസ്സിലാക്കുക. ഇന്നല്ലെങ്കിൽ നാളെ സാമ്രാജ്യം 2 നു കൾട് സ്റ്റാറ്റസ് കിട്ടും, തീർച്ച.

നിർണായകം

നിർണായകം, 2015 : സമൂഹത്തിലെ ഒരു യഥാർത്ഥ പ്രശ്നത്തെ ഡയറക്റ്റായ ഫോർമാറ്റിൽ പറഞ്ഞു പോവുന്ന സിനിമ. സിനിമ ചർച്ചചെയ്യുന്ന വസ്തുത ഓരോ മലയാളിയും എപ്പോഴെങ്കിലും ചിന്തിച്ചതും ആഗ്രഹിച്ചത് തന്നെയാണ്. പൊടിപ്പും തൊങ്ങലും ഇല്ലാത്ത കോടതി രംഗങ്ങളും നല്ല പ്രകടനം കാഴ്ചവച്ച സുധീർ കരമന, പ്രേം പ്രകാശ്, നെടുമുടി വേണു എന്നിവരും സിനിമയെ ഗംഭീരമാക്കി. എങ്കിലും സിനിമ എന്ന മാധ്യമത്തെ പൂർണ്ണമായി ഉപയോഗിക്കാത്ത ഒരു സിനിമയായി നിർണായകം നിൽകുന്നു. അവസാന അഞ്ചു മിനുറ്റിൽ പറഞ്ഞു തീർത്ത ‘എഡിറ്റോറിയൽ സ്റ്റോറി’ മാത്രമാണ് സിനിമയുടെ നട്ടെല്ല്. പ്ലസ്ടു കഴിഞ്ഞിരിക്കുന്ന ഇരുപത് വയസുകാരനായി വരുന്ന ആസീഫ് അലി എന്ന നായകനു കഥയിൽ കാര്യമായ പ്രസക്തിയൊന്നുമില്ല. വീട്ടിൽ നിന്ന് സമ്മതം ചോദിച്ച് കാമുകന്റെ അടുത്ത് വന്ന് ഫ്യൂച്ചറിനെ കുറിച്ച് ചിന്തിക്കുന്ന പ്ലസ്ടുക്കാരി നായികയും നായകനു പഞ്ചിനായി മാത്രം നിന്ന് കൊടുക്കുന്ന റിസബാവയും ഒരു ബന്ധമില്ലാത്ത ക്ലൈമാക്സ് ഷോട്ടും സിനിമയിൽ കല്ലുകടിയായി.

സിനിമകളിലെ സാരോപദേശത്തെ ഗംഭീരമായി കാണുന്നവർക്ക് ശ്രേഷ്ടം എന്ന് പറയാവുന്ന സിനിമയാണ് ‘നീന’. നീന കാരണമല്ല, നളിനികാരണമാണ്. ആൻ അഗസ്റ്റൻ മേ-ൽ-യാാലം പറഞ്ഞ് അഭിനയിച്ച മെട്രോ സർവൈവ്ഡ് അപ്പർ മിഡിൽക്ലാസ് (ലോവർ അപ്പർക്ലാസ്) സ്ത്രി തന്റെ വീട്ടുവേലക്കാരിക്ക് പറഞ്ഞുകൊടുക്കുന്ന ഉപദേശമൂണ്ട് – “ആയാളെ (ഭർത്താവിനെ) കൈവെടിയരുത്. അയാൾ പശ്ചാതപിക്കുമ്പോൾ കേട്ടിരിക്കണം, പിന്നെ ഒപ്പം നിൽക്കണം, എന്നിട്ട് ഇടയ്ക്കിടയ്ക്ക് ചെയ്ത തെറ്റിനെ ഓർമ്മിപ്പിക്കണം. എന്നിട്ട് ചേർത്ത് പിടിക്കണം (വിടരുത്!) അതിലും വലിയ പ്രതികാരമില്ലെന്ന്”. പഴയ ‘അങ്ങനെ നീങ്ങളിപ്പൊ ഞാനില്ലാതെ സുഖിക്കണ്ടാ’ എന്ന വീഡിരാജപ്പൻ ലൈൻ തന്നെ, പക്ഷെ അത് കുലീനയായ (മുണ്ടും വേഷ്ടി) ഭർത്താവിനെ സ്നേഹിക്കുന്ന (വലിയ സിന്ദൂരം) നളിനി എന്ന പണിക്കത്തി പറയുമ്പോൾ ഗീതോപദേശം പോലെ സമൂഹം കാത്തിരുന്ന ഉപദേശമായി മാറാതിരിക്കാൻ വഴിയില്ലല്ലോ!

ഇവിടെ : പാളിപ്പോയ ഒരു പരീക്ഷണം

ഇവിടെ, 2015 : പാളിപ്പോയ ഒരു പരീക്ഷണം. ഡ്രാമയായി കുറ്റാന്വേഷണം പറയാൻ ശ്രമിച്ച സിനിമ . പക്ഷെ അത്തരം സൃഷ്ടികൾക്ക് വേണ്ട തിവ്രതയുള്ള കഥ ഇവിടേയ്ക്കില്ല. പൃത്വിരാജ് വരുൺ ബ്ലേക്ക് എന്ന കഥാപാത്രത്തെ ഗംഭീരവും അനായാസവുമായി അഭിനയിച്ചു ഫലിപ്പിച്ചു. (സുപ്രിയേ മാപ്പ്, ഓന്റെ ഇംഗ്ലീഷ് ഒരു സംഭവം തന്നാ!) ഗംഭീര ക്യാമറയും നല്ല ശബ്ദമിശ്രണവും സിനിമയുടെ നല്ല വശങ്ങളാണ്. നിവിന്റെ കൈയ്യിൽ ഒതുങ്ങാത്ത കഥാപാത്രവും, ഒരു ബന്ധമില്ലാതെ വന്ന് പോവുന്ന പാട്ടുകളും, മാറാല പിടിച്ച സന്ദർഭങ്ങളും, പഴയ ‘ബോണ്ട’ ക്ലൈമാസും സിനിമയെ അലസമായൊരു അനുഭവവും പാളിപ്പോയ പരീക്ഷണവും ആക്കുന്നു. ഒരാവശ്യവുമില്ലാതെ വെട്ടി ഒട്ടിച്ച ട്രേലറിനു പകരം ഒരു ഡ്രാമ ട്രൈലർ ആയിരുന്നെങ്കിൽ പ്രേക്ഷകനുണ്ടായ അപ്രതീക്ഷിത ആഘാതത്തിൽ ഇത്തിരി കുറവുണ്ടായേനേ!

പ്രേമം – ഗംഭീര സിനിമ. അസാമാന്യ ക്രാഫ്റ്റ്

പ്രേമം, 2015 : ഗംഭീര സിനിമ. അസാമാന്യ ക്രാഫ്റ്റ്. എടുത്ത് പറയേണ്ട സവിശേഷത കാസ്റ്റിങ്ങ് ആണ്. ഒരുപാട് പുതിയ മുഖങ്ങൾ, അവർക്ക് വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടു എന്ന് തോന്നുന്ന കഥാപാത്രങ്ങൾ. സായ് പല്ലവിയുടെ മലരും കൃഷ്ണശങ്കറിന്റെ കോയയും ശബരീഷിന്റെ ശംഭു മുതൽ സൊബിൻ സഹീറിന്റെ പി ട്ടി മാഷും, വിനയ് ഫോർട്ടിന്റെ ജാവ മാഷും, ഒറ്റ സീനിൽ വന്ന് കോരിത്തരിപ്പിച്ച ‘മാസ് തന്തപടി’ രഞ്ജിപണിക്കരും ഒക്കെ വന്ന് കസറി ഒരു ലെവലാക്കി! രാജേഷ് മുരുകേഷന്റെ ഗംഭീര പശ്ചാത്തല സംഗീതവും പാട്ടുകളും കലക്കി! പിന്നെ നിവിൻ -ഒടുക്കത്തെ ലുക്കും, നല്ല പർഫോർമെൻസും! അൽഫോൺസ്-അൻവർ-രാജേഷ്-നിവിൻ ടീമേ, ഇങ്ങ സുലൈമാന്മാരല്ല! ഹനുമാന്മാരാണ്!