ബിരിയാണി പോസ്റ്റ്

ഹോട്ടലുകളിലും മുസ്ലീം സുഹൃത്തുക്കളുടെ വീട്ടിലും മാത്രം കിട്ടുന്ന വിഭവമായിരുന്നു ബിരിയാണി. ബിരിയാണിയുണ്ടാക്കാൻ ഒരു ഫുൾ രാത്രി വേണമെന്ന കഥയും അന്ന് വിശ്വസിച്ചിരുന്നു. നോമ്പ് കാലത്ത് അച്ഛന്റെ സുഹൃത്ത് ബഷീർക്ക കൊണ്ടുവന്ന ബിരിയാണി, എന്റുമ്മോ!

നല്ല സ്റ്റൈലൻ ബിരിയാണിയുണ്ടാക്കാൻ ഇച്ചിരി മന്ത്രവാദവും കൂടി അറിയണമെന്നയുരുന്നു എന്റെ തിയറി. നല്ല കലാകാരന്മാർ വരച്ച നല്ല ചിത്രങ്ങൾ കണ്ടാൽ “അവനെ തല്ലിക്കൊല്ലണം” എന്ന് അബ്രൂക്ക പറയുന്ന അതേ ലാഘവത്തിൽ നല്ല ബിരിയാണി വെപ്പുകാരെ ഒക്കെ ദുർമന്ത്രവാദികളുടെ ലിസ്റ്റിൽ പെടുത്തി. (കൊല്ലാൻ ഒക്കില്ലല്ലോ, നാളെയും തിന്നണ്ടേ!)

അങ്ങനെ ബിരിയാണി തിന്ന് ജീവിക്കുന്ന സമയത്ത് ഒരു ഹർത്താൽ വന്നു. സഹമുറിയനായി അനീഷും. ഉച്ചവരെ ഉറങ്ങിയും മൂന്ന് നാലു മണിവരെ വിശപ്പ് സഹിച്ചും ഇരുന്നു. നിവർത്തിയില്ലാതെ അടുക്കളയിൽ കയറി നോക്കിയപ്പോൾ ദേ ഇരിക്കുന്നു എന്തിന്റേയൊ ഒപ്പം ഫ്രീ കിട്ടിയ ഇന്ത്യാ ഗേറ്റ് ബിരിയാണി അരി. വേവിച്ചു. അടുക്കളയിൽ ആകെയുണ്ടായിരുന്ന ഉള്ളി വഴറ്റി അതിലേക്ക് മളകും മസാലയും ഒക്കെ ചേർത്തു. അതിലേക്കിടാൻ ഒന്നുമില്ലെന്ന് കണ്ടപ്പോൾ വെന്ത ചോറതിലേക്ക് കലർത്തി. രണ്ടു പേരും മൂക്കറ്റം കഴിച്ചു.

അപ്പോഴൊന്നും എനിക്ക് പ്രശ്നം തോന്നിയില്ല, പിന്നെ ഇത്തിരി കഴിഞ്ഞ് ടെലിഗ്രാമിലെ സ്വ.മ.ക ഗ്രൂപ്പിൽ നോക്കുമ്പോൾ പട്ടിണി കിടക്കുന്നവരോട് അനീഷിന്റെ ഗീർവാണം – ഹിരൺ ബിരിയാണിയുണ്ടാക്കി, ഞാൻ കഴിച്ചു! ഞാൻ തന്നെ ഞെട്ടി!! (അല്ലേലും ഈ തിരുവനന്തപുരംകാർക്ക്… )

ഇതൊക്കെ എന്തിനെഴുതിയെന്ന് ചോദിച്ചാൽ, തണ്ടർ ഫ്രൈഡ് ചിക്കണിൽ നിന്നും ബിരിയാണി ഓർഡർ ചെയ്തത് പാർസലായി വരാൻ ഇച്ചിരി സമയം പിടിക്കുമത്രേ, സമയം കളയണ്ടേ!! വേറേന്ത് ചിന്തിക്കാൻ!

Leave a Reply