എനിക്കുമുണ്ടായിരുന്നു ഒരു വിദ്യാരംഭം

നവരാത്രിയാഘോഷങ്ങളും എഴുത്തിനിരുത്തല്‍ ചടങ്ങുമായി ബന്ധപ്പെടുത്തിയുള്ള പല പ്രമുഖരുടെയും ഓര്‍മ്മകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങവെ, എന്റെ എഴുതിനിരുത്തലുമായി ബന്ധപെട്ടുള്ള ഒരു ‘ഐതിഹ്യം’ ഞാന്‍ ഓര്‍ക്കുന്നു, അതു ബ്ലോഗ്ഗുന്നു…

എന്റെ എഴുതിനിരുത്തല്‍ ഒരു സംഭവം തന്നെയായിരുന്നു. കൊല്ലവര്‍ഷം 1166-ല്‍ (1990) പാലക്കാട്ടെ പറളിയിലുള്ള ‘ആര്‍ദ്ര’യില്‍ (എന്റെ അമ്മയുടെ വീട്‌) വച്ചാണ്‌ ഈ സംഭവം നടക്കുന്നത്. അമ്മയുടെ അച്ഛന്റെ (പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണന്‍, ഗവ. ചിറ്റൂര്‍ കോളേജ് എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. വി. വിജയന്‍) മടിയിലിരുന്നാണ് ഞാന്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നത്. വിജയദശമി ദിവസം ഗണപതിഹോമവും സരസ്വതി പൂജയും കഴിഞ്ഞാണ് ചടങ്ങ്.

അമ്പത്തൊന്നക്ഷരങ്ങളില്‍ ഒരു പത്തു പത്തര അക്ഷരം ഞാന്‍ എന്റെ എല്ലാ ശുഷ്കാന്തിയും ഉപയോഗിച്ചു തന്നെ എഴുതിത്തീര്‍ത്തു. പക്ഷെ, പെട്ടെന്നു ഞാന്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങി. എന്നെ പേരു വിളിച്ചും തട്ടിയും ഒക്കെ ഉണര്‍ത്തിയിരുത്താനൂള്ള ശ്രമങ്ങളുമായി ആ കര്‍മ്മം മുന്നോട്ടു പോയി. അധികം നീണ്ടില്ല, ആ വിദ്യയും ഏല്‍ക്കാതെയായി. ഉറക്കം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച്‌ എന്നെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തി, ഞാന്‍ ഇനി ഒരക്ഷരം പോലും എഴുതില്ല എന്ന അവസ്ഥയായി.

പിന്നെ, അവിടെ ഉണ്ടായിരുന്ന എല്ലാവരും ചേര്‍ന്നു പൂജയ്ക്കു നിവേദ്യമായി വച്ചിരുന്ന ഉണ്ണിയപ്പം, പായസം മുതലായവ കാണിച്ച്, അതെല്ലാം അധികം താമസിയാതെ തന്നെ എനിക്ക്‌ അകത്താക്കാന്‍ സാധിക്കും എന്നു ഉറപ്പു തന്നതോടെയാണു എന്റെ ഉറക്കം ഒരു വിധം അവസാനിച്ചതും ചടങ്ങു തുടര്‍ന്നതും.

അങ്ങനെ, ഉറക്കഭ്രാന്തില്‍ ഹരിശ്രീ കുറിച്ചു കഴിഞ്ഞു മുത്തശ്ശന്റെ മടിയില്‍ നിന്നും മാറ്റിയിരുത്തിയ ഉടനെ തന്നെ ഞാന്‍ അടുത്തു കട്ടിലിന്റെ താഴെയോ മറ്റോ കിടന്ന ഒരു മനോരമ ‘ബോബനും മോളിയും’ കൈക്കലാക്കിയെന്നും അതു ‘ഒരിരുപ്പില്‍’ തന്നെ വായിച്ചു തീര്‍ത്തു എന്നുമാണ്‌ ഐതിഹ്യം.

ആ സാഹസത്തിന്റെ ഒരു ഫോട്ടോ ഇതാ:തൊട്ടുമുന്‍പത്തെ ബ്ലോഗ്ഗിനു കമന്റായി അനിവര്‍ ഇട്ട ഫോട്ടോ പോലെ ഇതും ഞാന്‍ ആ കാലത്തു ‘പോസ്സ്’ ചെയ്തതാണോ എന്നു എനിക്കറിയില്ല, ഇതു വാസ്തവം തന്നെയാണ് എന്നാണ് അമ്മയുടെയും അന്നാട്ടിലെ പല പ്രമുഖരുടെയും വാദം.

Leave a Reply