കൊമ്രേഡ് ഇൻ അമേരിക്ക, 2017 : ഒരു കൊടിയും, മുഴുപേജ് നീളമുള്ള ഡയലോഗും, നാലു ചെജ്വേര പോസ്റ്ററും പിന്നെ ഹരീഷ് പെരടിയുടെ പിണറായോത്ഭവം ആട്ടക്കഥയും ഉള്ള ഒരു ലോക്കൽ രാഷ്ട്രീയ സിനിമയല്ല സി.ഐ.എ. രാഷ്ട്രീയത്തിന്റെ കാൻവാസ്, ആശയം തന്നെ വലുതാണ്. മാസിനെക്കാളും ക്ലാസാണ്. അതിർത്തികളെ, ദേശീയത എന്ന രോമാഞ്ചത്തെ ചോദ്യം ചെയ്യുന്ന ‘ഇന്റർനാഷ്ണലിസം’ ആണ് വിഷയം. അത് സ്പൂൺഫീഡിങ്ങ് അല്ലാതെ, ത്രസിപ്പിക്കുന്ന ക്ലൈമാക്സ് (കൊടി കുത്തുക, വെട്ടി കൊല്ലുക, മന്ത്രിയാവുക, നാട് നന്നാവുക) ഒന്നുമില്ലാതെ പറയുമ്പോൾ ഒരു ‘സെലിബ്രേഷൻ ഓഫ് പൊളിറ്റിക്സ്’ ആയി ഒരു രോമാഞ്ച കഞ്ചുക ഐറ്റമായി സിൽമയെ കാണാൻ പലരും പാടുപെടുന്നു – ‘ഇതിനൊക്കെ ഭയങ്കര അർത്ഥങ്ങളാ പ്രാഞ്ചി’ ലൈൻ.

ഇനി സിനിമ. നടൻ ദുൽഖർ തന്റെ ഭാഗം വൃത്തിയായി ചെയ്യുകയും ‘താര’ദുൽഖറിനു വേണ്ടി ഉണ്ടാക്കിയ ചില സീനുകൾ മുഴച്ച് നിൽക്കുകയും ചെയ്തു. മാസ് വർക്ക് ഔട്ടാവുന്നുണ്ടെങ്കിലും അത്തരം മാസ് കാണിച്ച സിനിമക്ക് വേണ്ട രാഷ്ട്രീയം ഇതല്ല / ഈ രാഷ്ട്രീയത്തിനു വേണ്ട മാസ് ഇതല്ല എന്നൊരു തോന്നൽ. നല്ല കാസ്റ്റിങ്ങ് ആണ്. സിദ്ധിക്കിന്റെ പർഫോർമൻസ് ഗംഭീരമായിരുന്നു, അതുപോലെ അമലിന്റെ ‘മിഡ് നൈറ്റ് ഇൻ പാരിസ് ശ്രമവും’.

ഇച്ചിരി വലിവും എരിവു കുറവും ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന, ആവശ്യത്തിനു രോമാഞ്ചം തോന്നിപ്പിക്കുന്ന വൃത്തിയുള്ള സിനിമയാണ് സി.ഐ.എ. സിനിമ ഒരു അമേരിക്കൻ അപാരത അല്ല എന്നതും നല്ല വശങ്ങളിൽ ഒന്നാണ്.

Leave a Reply