ഉഡ്താ പഞ്ചാബ്. കഞ്ചാവും കള്ളും ചരസും അടിച്ച് നടക്കുന്ന, പോക്രി പടങ്ങൾ മാത്രം ചെയ്ത് ഭാരതത്തെ ലോകത്തിനു മുന്നിൽ വെറും ഗാങ്സ്റ്റർ സിറ്റിയായി കാണിക്കുന്ന ചില ചീപ്പ് സിനിമാ മേക്കേർക്സ് ചേർന്ന് ഒരു സിനിമ ചെയ്യുന്നു. സിനിമയിൽ അമിതമായ കഞ്ചാവ്, അതിലും അധികം രാഷ്ട്രീയം – അസഹനീയമായ ദേശദ്രോഹസിനിമ. തന്റെ ജോലി സർട്ടിഫിക്കേഷൻ മാത്രമാണെങ്കിലും ദേശസ്നേഹിയായ നമ്മുടെ നായകൻ ആ സിനിമക്കെതിരെ പൊരുതുകയാണ്. തന്റെ അധികാരത്തെ ഉപയോഗിച്ച് ആ സിനിമയെ കണ്ടം തുണ്ടമായി വെട്ടി മുറിക്കുന്നു.

അവർ, ദേശസ്നേഹമില്ലാത്ത ആ കോമാളികൾ അധികാരവും ധനവും മാധ്യമത്തിന്റെ സപ്പോർട്ടും ഉപയോഗിച്ച് നായകനെ എതിർക്കുന്നു, നിയമത്തെ അവർ പിടിച്ച് വാങ്ങുന്നു. (ബിജിഎം) അവന്റെ വെട്ടിമുറികളെ കോടതി എതിർത്ത് അവനെ സൈഡ് ആകുമ്പോൾ അവൻ അശക്തനായി അവിടെ നിൽക്കുന്നു. പക്ഷെ ആ സിനിമ ഇറങ്ങുന്നതിനു മുന്നെ അതിന്റെ ‘സെൻസർ കോപ്പി’ ഇന്റർനെറ്റിൽ പടരുന്നു. സിനിമ ബോക്സ് ഓഫീസിൽ തകരുന്നു. നിർമ്മാതാവിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഒരു സൈഡിലിരിക്കുന്നു. പിന്നീട് നാട്ടിൽ ഒരു ദേശ ദ്രോഹ സിനിമ പോലും ഇറങ്ങാതെയാവുന്നു. ആ സസ്യശ്യാമളകോമള നാട്ടിൽ അങ്ങനെ നായകൻ ഇരിക്കുമ്പോൾ ഒരു കുട്ടി വന്ന് നായകനോട് ചോദിക്കുന്നു – ‘നീങ്ക നല്ലവനാ കെട്ടവനാ’. നമ്മുടെ നായകൻ ചിരിക്കുന്നു!

ഈ മഹാന്റെ കഥ അടുത്ത സിനിമയാക്കാൻ അനുരാഗ് കഷപിനോടൊന്ന് പറയാമോ?

Leave a Reply