ഉലിദവരു കണ്ടന്റെ, 2014, കന്നഡ : സിനിമ പരീക്ഷണങ്ങൾ കുറവ് നടക്കുന്ന ഭാഷയാണ് കന്നഡ, പരീക്ഷണങ്ങൾ വളരെ വിരളം. ലൂസിയ പോലെ വിരലിൽ എണ്ണാവുന്നത്. ആ കൂട്ടത്തിലേക്ക് വരുന്ന ശക്തമായ ഒരു സിനിമയാണ് ഉലിദവരു കണ്ടന്റെ എന്ന ‘As seen by the Rest’. പുതുമുഖ സംവിധായകൻ രക്ഷിത്ത് ഷെട്ടി എഴുതി അഭിനയിച്ച് നിർമ്മാണവും സംവിധാനവും ചെയ്ത സിനിമ കന്നഡ സിനിമയിലെ ഒരു നാഴികക്കല്ലാണ്.

കുറസോവയുടെ ‘റാഷമോൺ’ ആണ് ആഖ്യാനരീതിക്ക് പ്രചോദനം. റാഷമോൺ രീതി ഇന്ത്യൻ സിനിമയിൽ വരുന്നത് ഇതാദ്യമായല്ല. യവനികയും വിരുമാണ്ടിയും സഞ്ചരിച്ച അതെ രീതിയിൽ, അതേ ചടുലതയോടെ സങ്കീർണ്ണമായ കഥ പറയുന്നു ഈ സിനിമ. സ്ഥിരം മൾടി നറേറ്റിവിൽ നിന്ന് ഒരു പടി മുന്നോട് നിൽക്കാനും പടം ശ്രമിക്കുന്നു.

ചെറിയ കാസ്റ്റിങ്ങിൽ പിറന്ന വലിയ സിനിമയാണ് ഉലിദവരു കണ്ടന്റെ. സിനിമക്ക് ഒരു നായകനില്ല, പല കഥാപാത്രങ്ങളിലൂടെ പോവുന്ന കഥയാണ് സിനിമക്ക്. കാസ്റ്റിങ്ങിന്റെ കൃത്യത സിനിമയുടെ മാറ്റ് കൂട്ടുന്നു. ‘റിച്ചി’യായി പകർന്നാടിയ സംവിധായകനും, മുന്നയായി വന്ന കിഷോറും, ‘ഡെമോക്രസിയായ്’ ഞെട്ടിച്ച മാസ്റ്റർ സോഹനും എടുത്ത് പറയേണ്ട അഭിനയമാണ് കാഴ്ചവെച്ചത്.

നല്ല നിറക്കൂട്ടുകളാണ് സിനിമയുടേത്. കഥാപാത്രം പോലെ വന്ന് പോവുന്ന യക്ഷഗാനവും പുലിക്കളിയുമെല്ലാം മേല്പെ-ഉഡുപ്പിയുടെ സംസ്കാരവും സൗന്ദര്യവും സിനിമയിലേക്ക് എത്തിക്കുന്നു. അതിഗംഭീരമായ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയെ കൊഴുപ്പിക്കുന്ന ഘടകങ്ങളാണ്. അതീവ ഹൃദ്യമായ് ‘കണ്ണാമുച്ചി’ നിൽക്കുമ്പോൾ ‘പേപ്പർ പേപ്പർ മെഡിസിൻ പേപ്പർ’ എന്ന പാട്ടും വിഷ്വലും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കും.(മികച്ച സംഗീതത്തിനുള്ള സംസ്ഥാന അവർഡ് ഈ സിനിമക്കായിരുന്നു. ബി. അജിനേഷ് ലോക്നാഥ്)

അടിക്കുറുപ്പ് : ഇതിന്റെ തമിഴ് റീമേക്ക് വരുന്നുണ്ടെന്നും അതിൽ നിവിൻ ഒരു കഥാപാത്രത്തെ അഭിനയിക്കുന്നു എന്നും കേട്ടു.

Leave a Reply