'മുന്നറിയിപ്പ്' എന്തുകൊണ്ട് തീയറ്ററിൽ കാണേണ്ടെ ചലചിത്രമാവുന്നു

എല്ലാ സിനിമയും സൃഷ്ടിക്കപ്പെടുന്നത് തീയറ്ററിൽ കാണാൻ തന്നെയാണ്. കഴിഞ്ഞ മാസം തന്നെ പല സിനിമകളൂം (സ്റ്റീവ് ലോപസ്, ജിഗർതണ്ഡ) തീയറ്ററിൽ തന്നെ കാണണമെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. എങ്കിലും ആ സിനിമകളിൽ നിന്നും മാറി, ഈ സിനിമക്ക് ‘കണ്ടേ പറ്റു, അതും തീയറ്ററിൽ തന്നെ കാണണം’ എന്ന് വാശി പിടിക്കുന്നതിൽ കാരണങ്ങളേറെയാണ്.

സിനിമയുടെ സ്ഥായി ഭാവങ്ങളിൽ നിന്നും പൂർണ്ണമായി മാറി നിൽക്കുന്നതാണ് ഈ സിനിമയുടെ ആഖ്യാനവും കഥയും. പറയുന്ന, പറഞ്ഞ് മനസ്സിലാക്കുന്ന, പറഞ്ഞ് പറഞ്ഞ് കാണികളേ സ്പൂൺ ഫീഡ് ചെയ്യുന്ന ത്രില്ലർ രീതികളും, അവയ്ക്ക് ചേരുവയായി വരുന്ന അനാവശ്യ ഗിമ്മിക്കുകളും ഇല്ലാതെ കഥയെ കഥയായി പറയുകയാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പുകളുടെ ആഘോഷമാണ് സിനിമ. ഓരോ സംഭാഷണവും, ഓരോ ചെറിയ കഥാപാത്രവും കഥാന്ത്യത്തെ പരാമർശിക്കുന്ന മുന്നറിയിപ്പുകളാവുന്നു. സിനിമയിലെ കഥ സംഭാഷണം മാത്രമല്ല, അതിൽ ചിത്ര-ശബ്ദ-നിശ്ശബ്ദതയ്ക്കും വലിയ സ്ഥാനമുണ്ടെന്ന വിവേകമാണ് സിനിമയുടെ കാതൽ. പറയാതെ പറയുന്ന കഥ. വേണുവിന്റെ ആശയത്തെ തിരക്കഥയാക്കിയ ഉണ്ണി ആർ എന്ന എഴുത്തുകാരന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഹൈക്കു പോലെ ചിന്തിപ്പിക്കുന്ന ചെറിയ ഡയലോഗുകൾ. എല്ലാ കഥാപാത്രവും പറയുന്ന ഡയലോഗുകളും രാഘവനുവേണ്ടിയാണെന്ന് എന്നതും ഒരു സവിശേഷതയാണ്.

മമ്മൂട്ടി എന്ന നടന്റെ വൈഭവമാണ്, മമ്മുട്ടി എന്ന നടനെ സിനിമയിൽ കാണുന്നത് പോലുമില്ല. സിനിമയിലെ ഡയലോഗിൽ പറയുന്നത് പോലെ മമ്മുട്ടി എന്ന സത്യത്തെ / വെളിച്ചത്തെ മറച്ചുപിടിക്കുകയാണ് കഥയും സംവിധായകനും. സിനിമയിൽ ഉടനീളം രാഘവനാണ്. രാഘവൻ മാത്രം. മമ്മൂട്ടിക്കൊപ്പം, അഥവ മമ്മൂട്ടിയെക്കാൾ കൂടുതൽ സീനികളിൽ പ്രത്യക്ഷപ്പെടുന്ന അപർണ്ണയുടേയും അപർണ്ണയ്ക്ക് ശബ്ദം കൊടുത്ത വിമ്മി മറിയത്തിന്റെയും പർഫോർമൻസുകൾ എടുത്ത് പറയേണ്ടവയാണ്. എല്ലാ അഭിനയതാക്കളും മികവുറ്റ അഭിനയം കാഴ്ചവച്ചു എന്നതും സിനിമയുടെ മാറ്റ് കൂട്ടുന്നു.

സിനിമയിലെ ഒരു പ്രമുഖ താരം ബിജിബാലാണ്. സിനിമയ്ക്ക് യോജിച്ച പശ്ചാത്തല സംഗീതമൊരുക്കാൻ ബിജിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും, സത്യത്തിനും, ആകാംക്ഷക്കുമിടയിലെ സംഗീതമാവാൻ അതിനു കഴിയുന്നുമുണ്ട്. ഇടക്ക് ചില ഡയലോഗിനു പോലും ആ സംഗീതത്തിന്റെ താളമുണ്ടോയെന്ന് തോന്നി പോവും.

പുതിയ സിനിമകളിലെ ഒഴിച്ച്കൂടാനാവാത്ത ‘ആഗിളുകളും’ ‘ഫ്രേമുകളൂം’ ഒന്നുമില്ലാത്തെ ഒരു സിനിമ എന്ന പക്വതയും മുന്നറിയിപ്പിനുണ്ട്. തന്റെ ഫ്രേമുകളുടെ പോർട്ട്ഫോളിയൊ കാണിക്കാനല്ല മറിച്ച് നല്ല സിനിമ സൃഷ്ടിക്കാനാണ് വേണു ശ്രമിച്ചതും വിജയിച്ചതും. മൂന്ന് സെക്കന്റിൽ ഇരുപത്തേഴ് ഷോട്ടുകൾ വെട്ടിയൊട്ടിച്ചാലെ സിനിമക്ക് ചടുലത വരൂ എന്ന വാദത്തിനും മറുപടിയാണ് ബീനാപോളിന്റെ എഡിറ്റിങ്ങ്.

ഓരോ കാണിക്കും ഇതൊരു മുന്നറിയിപ്പാണ്. കാലവും കാലനും മടുത്ത ക്ലീഷേകളും ഹീറോയിസവും ഗിമ്മിക്കുകളും സിനിമയേയും കാണിയേയും എത്രത്തോളം പിന്നോക്കം എത്തിക്കുന്ന എന്ന സത്യത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ. എന്തിനേയാണോ സ്ഥിരം സിനിമയിൽ കുറവുകളായി പ്രേക്ഷകൻ കാണുന്നത് അവ കൊണ്ട് മാത്രം അതെ പ്രേക്ഷകനെ ത്രസ്സിപ്പിക്കുകയാണ് വേണു എന്ന മാന്ത്രികൻ – നേർത്ത സംഭാഷണം കൊണ്ടും, നിശ്ശബ്ദതകൊണ്ടും, പറയാതെ പറഞ്ഞും.

Leave a Reply