ഞാൻ ഒരു അർണാവേട്ടൻ രാജീവ് ഏട്ടൻ ഫാൻ അല്ല. എങ്കിലും കാര്യങ്ങൾ പറയേണ്ടത് പറയണമല്ലോ. ഇന്ത്യൻ ജനതക്ക് മാധ്യമം എന്താണെന്നും വാർത്തയിൽ നിന്നും നീതിയും സത്യവും തേടാൻ പഠിപ്പിച്ചത് അർണ്ണവേട്ടനാണ്. സ്വാതന്ത്ര്യ സമര കാലത്തെ കമ്മി കൊങ്ങി പത്രാധിപരെ പറ്റി പറയണ്ടാ. അവർക്ക് മൃദുഭാവത്തോടെ 'ബ്രിട്ടൻ പോയെങ്കിൽ നാന്നായേനേ' എന്ന് പറയാൻ അല്ലാതെ നേഷൻ വാൻഡ്സ് ടു നൊ വൈ ബ്രിട്ടീഷ്‌ പീപ്പിൾ ആർ ഹിയർ എന്ന് ചോദിക്കാനുള്ള ചങ്കുറപ്പില്ല.

അഴിമതിയിൽ മുങ്ങിക്കുളിച്ച നാടാണ് ഇന്ത്യ. നെഹ്രുവും ഇന്ദിരയും രാജീവും കട്ട് മുടിച്ചത്. അന്ന് അത് ലോകമറിയാതെ പോയത്, അന്ന് ജനാധിപത്യത്തിന്റെ നാലാം തൂണായി നിൽക്കാൻ അർണാവേട്ടൻ ഇല്ലായിരുന്നത് കൊണ്ടാണ്. 80കളിൽ അർണബും ടൈംസ് നൗ‌ ചർച്ചകളും ഉണ്ടായിരുന്നെങ്കിൽ രാജീവ് ഗാന്ധി ജീവിച്ചിരിക്കെ കോൺഗ്രസ് അടച്ച് പൂട്ടിയേനേ, കലാം ജീവിച്ചിരിക്കെ തന്നെ മോഡി ഇന്ത്യയെ ഒരു ഡവലപ്ഡ് രാജ്യമാക്കിയേനേ!

പുതിയ ഇന്ത്യയുടെ, രാജ്യത്തിന്റെ ഭാവിയുടെ നാലു പ്രധാന തൂണുകളിൽ ഒന്നാണ് റിപ്പബ്ലിക് ടിവി. (ഹിന്ദുത്വം പതഞ്ജലി റിലയൻസ് എന്നിവ ബാക്കി മൂന്ന് തൂണുകൾ) ശക്തമായ ഇന്ത്യയെ വാർത്തെടുക്കാനാണ് അർണ്ണബേട്ടൻ ശ്രമിക്കുന്നത്‌.‌ അതിനു വേണ്ടിയാണ് ലാഭേച്ഛയില്ലാതെ രാജീവേട്ടൻ കാശിറക്കുന്നത് - ലാഭം മതിയെങ്കിൽ ആയുധകച്ചവടം നടത്തിയാൽ പോരേ? എന്തിനു ചാനൽ.‌ അതിൽ നിന്ന് എത്ര തന്നെ ഉണ്ടാക്കാം!

മാറ്റങ്ങൾ ഭാവിക്ക് വേണ്ടിയാണ്. അത് ചിലർക്ക് ചില‌ സമൂഹത്തിനു അംഗീകരിക്കാൻ ആവില്ല. പശുചാണകത്തിൽ പ്ലൂട്ടോണിയവും മൂത്രത്തിൽ കാൻസറിനുള്ള മരുന്നും മലയാളിക്കും തമിഴനും ലഭിക്കാത്തത് അവരുടെ സമൂഹത്തിന്റെ ചിന്തക്കു പരിധിയുള്ളത് കൊണ്ടാണ്. അതിനെ‌ വളരാൻ സമ്മതിക്കാതെ നവമാധ്യമങ്ങളിൽ ഒരു നക്ഷത്ര റിവ്യുകൾ കൊടുക്കുന്നത് പോക്രിത്തരമാണ്. 2020 ആവുമ്പോഴേക്കും ചാണകത്തിൽ നിന്നും ഇന്ത്യ ഉണ്ടാക്കുന്ന പ്ലൂട്ടോണിയം മാത്രം മതി ലോക‌ദാരിദ്രം നിർമാർജനം ചെയ്യാനും നക്ഷത്രങ്ങളിൽ കൂടുക്കൂട്ടാനും‌. അന്ന് മലയാളികൾ ഖേദിക്കും‌. ദുഃഖിക്കും!

ഞാൻ ഒരു അർണ്ണാവേട്ടൻ രാജീവേട്ടൻ ഫാനല്ല. എന്നാലും പറയുവ. റിപബ്ലിക്ക് ഒരു ഗംഭീര ചാനലല്ല. അതിനു പരിധികൾ ഉണ്ട്. എന്നാലും ഇന്ത്യ ഇന്ത്യ ആവുന്നതിൽ റിപ്പബ്ലിക്കിനു പങ്കുണ്ട്. മൈ റിവ്യു 3.25/5