#ഇരയോടൊപ്പം #ടൈംസ്‌നൗവിനൊപ്പം

വെറ്റിലയിൽ ചുണ്ണമ്പ് തേയ്ക്കുന്നത് പോലെ മൊബൈലിൽ കളിക്കുന്നതല്ല കോർപ്പറേറ്റ് വാർത്തകളുടെ ലോകം. ലോകത്തിന്റെ നാനാ ഭാഗത്തായി ഒരു നിമിഷത്തിൽ നടക്കുന്ന ആറുലക്ഷത്തി എണ്ണൂറ്റി പതിനൊന്ന് സംഭവങ്ങൾ അതേ നിമിഷത്തിൽ ബൈനറി കോടാക്കി ഭൂമിയിൽ നിന്ന് സാറ്റലൈറ്റിലേക്ക് കൃത്യമായി ഏയ്ത്, അവിടെ നിന്ന് ചിതറി ലോകമാസകലം വാ പോളിച്ചിരിക്കുന്ന ആന്റിനകളിലേക്ക് എതിക്കുന്നത് ശാസ്ത്രലോകത്തെ തന്നെ ഒരു അത്ഭുത പ്രതിഭാസമാണ്.

ഒരു വാർത്തയിൽ മുപ്പത് മുതൽ എഴുപത്തി രണ്ട് വാക്കുകൾ വരെയുണ്ടെന്ന് യുണസ്കൊവിന്റെ കണക്ക് ശരിവയ്ക്കുന്നു. ആ കണക്ക് പ്രകാരം നോക്കുകയാണെങ്കിൽ പതിനൊന്നായിരത്തി മുപ്പത് കോടി എൺപത്തെട്ടുലക്ഷത്തി തൊന്നുറ്റൊൻപതിനായിരത്തോളം വാക്കുകൾ ഒരു നിമിഷം ഭൂമിയിൽ നിന്നും വിക്ഷേപിക്കേണ്ടതുണ്ട്. അത്രയും സങ്കീർണ്ണമായ കണക്കുകൾ ചെയ്യാൻ ലോകത്തെ ഒരു പ്രോഗ്രാമിങ്ങ് ഭാഷക്കും സാധിക്കാത്തതിനാൽ സംസ്കൃതത്തിലാണ് ഈ സങ്കേതിക വിദ്യ സൃഷ്ടിക്കപ്പെട്ടിട്ടുളതെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ. ഗുരുസ്ഥാനീയരായ ഭാരതീയ ശാസ്ത്രഞ്ജർ വികസിപ്പിച്ചെടുത്ത ഈ വിദ്യയിൽ കൃത്രിമ ബുദ്ധിചാതുര്യവും യാത്രിക ഗ്രാഹിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. (ഏഷ്യയിലെ തന്നെ ആദ്യ സാറ്റലൈറ്റ് ചാനൽ മലയാളം ചാനലായ ഏഷ്യാനെറ്റ് ആണെന്ന് ഓർക്കുക)

ലോകത്തെ എല്ലാ രാജ്യക്കാരും തനിക്കാവുന്ന വിധം വാർത്തകളെ ഇതിലേക്ക് കയറ്റുമ്പോൾ പിക്റ്റൊഗ്രഫി കീബോർഡ് (ഇതിൽ അക്ഷരങ്ങളല്ല, ഒരോ കീയും ഓരോ വാക്കുകളാണ്.) ഉപയോഗിക്കുന്ന ഒരു ചൈനീസ് വാർത്ത പ്രക്ഷേപകൻ അറിയാതെ കീ മാറി പോയി കേരളത്തിനു പകരം തൊട്ട് താഴെയുള്ള പാകിസ്ഥാൻ എന്ന കീ മാറുകയും ചെയ്തതിനാണ് ഇന്ന് മലയാളികൾ ഇത്രയും പ്രശ്നം ഉണ്ടാക്കിയത്.

ചൈനയിലെ ബീജിങ്ങിലെ ഉയണ്ട ബൊരി ചങ്ക് എന്ന ഇരുപത്തേഴുകാരൻ ചെയ്ത ഈ കൈപ്പിഴക്ക് വടക്കൻ ഇന്ത്യക്കാരോട് ഉടക്കാൻ നിൽക്കുന്നവർ ഒരു കാര്യം അറിയുക - ഈ ചെറുപ്പക്കാരൻ ചൈനീസ് പട്ടാള ദമ്പതികളുടെ മകനാണ്. ചൈനയിലെ ഐഐറ്റി മഡ്രാസിൽ പഠിച്ചിറങ്ങുകയും ചൈനയിലെ എറ്റവും വലിയ എൻഫോസിസിൽ ജോലികിട്ടുകയും ചെയ്ത ഈ മിടുക്കൻ ആ ജോലി ചെയ്യാതെ വാർത്താ പ്രക്ഷേപണത്തിലേക്ക് മാറിയതിനു ഒരു പട്ടാള കര്‍മ്മകുശലത ഉണ്ടെന്ന് നാസ സംശയിക്കുന്നു.

ഇനി നിങ്ങൾ പറയൂ - പട്ടിണി കുറയുന്ന, ജീഡിപിയിൽ ദിവസേന വളർച്ചയുണ്ടാവുന്ന, ജീവിതശൈലി ഒരു വികസിത രാജ്യത്തിനോളം എത്തി നിൽക്കുന്ന ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനുള്ള ചൈനീസ് തന്ത്രങ്ങൾക്ക് മുന്നിൽ നാം മുട്ടുമടക്കി നമ്മൂടെ സ്വന്തം സഹോദരരായ വടക്കെയിന്ത്യക്കാരുമായി ഭിന്നിപ്പുണ്ടാക്കണോ?