തേങ്ങ ചിലർക്ക് ദൈവമാണെന്നും അത് കൊണ്ട് തന്നെ അത് തിന്നുന്നതിനേയും അരച്ച് കറി വയ്ക്കുന്നതിനേയും എണ്ണയാക്കുന്നതിനേയും എതിർക്കുന്ന ഒരു സമൂഹവും, രാഷ്ട്രീയവും ഈ നാട്ടിൽ ഉണ്ടെന്നും വിചാരിക്കുക.

തേങ്ങ കഴിച്ച് കൊണ്ടിരിക്കുന്ന ജനതയോട് ഈ രാഷ്ട്രീയപ്പാർട്ടിയും ചിലരും അത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. തേങ്ങ കഴിച്ചെന്നും പറഞ്ഞ് ആളുകളെ തല്ലികൊല്ലുന്നു, കെട്ടിയിട്ടടിക്കുന്നു. തേങ്ങ ഭക്ഷണത്തിലുണ്ടോ എന്നറിയാൻ പോലീസ് ഹോട്ടലുകളിൽ റേഡ് നടത്തുന്നു. അങ്ങനെ തേങ്ങ ഒരു കയ്യാലപ്പുറത്തെ തേങ്ങയായി ഇരിക്കുന്നു.

അപ്പോഴാണ് അത് ശ്രദ്ധയിൽ പെടുന്നത് - ഈ ലോക്കൽ കോക്കനട്ട് ഈറ്റേർസ്, കണ്ണിൽ കണ്ട തേങ്ങയൊക്കെ കടകളിലേക്ക് വിൽക്കുന്നു, അതെല്ലാം വെട്ടി അരച്ച് തിന്നുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ കൂടുന്നു. അത് മാത്രമോ, ചകിരിയും ചിരട്ടയും മറ്റും മാർക്കറ്റിൽ കുടി അവിടെ മലിനമാക്കുന്നു. അതിനെതിരെ നിയമം കൊണ്ടുവരുന്നു - തിന്നാനായി തേങ്ങ ആരും മാർക്കെറ്റിലേക്ക് വിൽക്കണ്ടാ. വളർത്തിയ തേങ്ങകൾ തിന്നാൻ പാടില്ല - അവ വളർത്തു തേങ്ങകൾ ആവുന്നു.

ഇതിനെ അനുകൂലിക്കുന്നവർ പറയുന്ന വാദങ്ങൾ . 1. തേങ്ങ നിരോധിച്ചിട്ടില്ല. 2. അനധികൃതമായ തേങ്ങ വെട്ടനാണ് നിരോധിച്ചത്.

സത്യമാണ്. തേങ്ങ ഇസ്ലാമിക്ക് സ്റ്റേറ്റ് പോലെ നിരോധിക്കപ്പെട്ടിട്ടില്ല. പക്ഷെ 'വളർത്ത് തേങ്ങയല്ലാതെ' ഒരു തേങ്ങയുണ്ടോ? ഉണ്ടെങ്കിൽ അതെവിടെ കിട്ടും? എക്സ്പൊർട്ട് ക്വാളിറ്റി തേങ്ങകൾ ഈ രാജ്യത്ത് ചില കമ്പനികൾ കയറ്റി അയക്കുന്നുണ്ട്, അത് വാങ്ങി കഴിച്ചാൽ പ്രശ്നമില്ലെന്നാണോ?

ഉപജീവനത്തിനായി നാലു തെങ്ങ് നട്ട് തേങ്ങ വിറ്റിരിക്കുന്നവർ, തേങ്ങ പൊളിച്ച് കൊടുത്ത് അന്നം കണ്ടെത്തുന്നവർ എന്നിവർ എന്ത് ചെയ്യണം? ലൈവ് സ്റ്റോക്ക് മാർക്കെറ്റിൽ വെട്ടുതേങ്ങ വിൽപന നിരോധിച്ച സാഹചര്യത്തിൽ ഇനി ബിസിഇ സ്റ്റോക്കിലാണൊ ഇനി തേങ്ങാ വിൽക്കേണ്ടത്?

പറഞ്ഞ് വന്നത്, തേങ്ങമ്മ ഹമാരി ദേശിയ ത്യോഹാർ ഹെ. ഇനി അത് വിൽക്കാൻ വാങ്ങാൻ ബുദ്ധിമുട്ട് ഹെ. തേങ്ങാ സംരക്ഷണ സംഘങ്ങൾ വന്ന് തല്ലിയാൽ കൊള്ളാൻ മാത്രം വിധി ഹെ.

ഈ തെങ്ങിലാണ് നമ്മൾ പശുവിനെ കെട്ടിയുടുന്നത്. കൊംബോസിഷൻ കഴിഞ്ഞു.