ആറു 3ബിഎച്ച്കെ മാത്രമുള്ള കുഞ്ഞു ഫ്ലാറ്റ് കെട്ടാൻ തുനിഞ്ഞിറങ്ങുന്ന 'ബിൾഡേർസ്' സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ആ പ്രൊജക്റ്റിൽ നിന്നും മാറി, അങ്ങെ ദൂരെ ഒരു മുപ്പത് നിലയുള്ള, ആയിരം വീടും, നൂറു കുളവും, ക്രികറ്റ് ഗ്രൗണ്ടും ഒക്കെയുള്ള ഒരു ബ്രഹ്മാണ്ഡ പ്രൊജക്റ്റിനെ പറ്റി മാലോകരോട് പറയും. അതിനു ലോഗൊ പാംലെറ്റ്, എന്തിനു സ്ഥലത്ത് ബോർഡും പൂജയും വരെ നടത്തും.

അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് വച്ചാൽ ഞങ്ങൾ ഇന്നലെ പൊട്ടിമുളച്ചവർ അല്ലെന്നും, മറ്റ് പലർക്കും വേണ്ടി ഈ പണികൾ ചെയ്തിട്ടുണ്ടെന്നും, കാലങ്ങളായി ഈ ഫീൽഡിൽ ഉണ്ടെന്നും ഒക്കെ ആളുകളെ അറിയിക്കാൻ സഹായിക്കും, ഈ കുഞ്ഞ് ഫ്ലാറ്റ് വാങ്ങുന്നവനു അത് നാട്ടാരോട് പറയാനും സൗകര്യം ആയിരിക്കും. "ലുലുമാളിൽ രണ്ട് നിലയുള്ള തുണിക്കട തുടങ്ങാൻ പോണ ഷാജിയേട്ടന്റെ തമ്മനത്തുള്ള ഹോൾസേൽ കട" മോഡൽ സൗകര്യം.

നല്ല ഉഗ്രൻ ടാക്ടിക്സ് ആണ്. കാലാകാലങ്ങളിലായി വന്ന എല്ലാ ബിൾഡേർസും ഇങ്ങനെ സ്വപ്ന പദ്ധതിക്ക് വെച്ച സ്ഥലം പിന്നീട് മറിച്ച് വിൽകുകയൊ, കൊച്ചു സ്വപ്നങ്ങൾ പണിയുകയൊ ചെയ്യും. ആരും അവരോട് രാവിലെ പോയി "ഏട്ടേ, ആ വീമാനത്താവളൂള വീടെപ്പ വരും" എന്ന് ചോദിക്കാറില്ല. നമ്മളും ഇത്തരം 'ആയിരം കോടി ബ്രഹ്മാണ്ഡ' പാംഫ്ലെറ്റുകൾ കണ്ട് ചോദ്യവും ചർച്ചയും ആയി സമയം കളയരുത്.