തെറ്റായ വാർത്ത പ്രചരിക്കുന്നു. അത് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഓടി നടക്കുന്നു. മാധ്യമധർമ്മർ അതിനെ തൊണ്ട തൊടാതെ അച്ചടിക്കുന്നു. പിന്നീട് അത് വെറും വ്യാജനാണെന്ന് തെളിയുന്നു, അത് അറിയുന്നവർ ആദ്യം അതിനെ എതിർക്കുകയും - അതിന്റെ അധ്വാനവും ബുദ്ധിമുട്ടും ഓർത്ത് തെറ്റാണെങ്കിലും അത് ശരിയാണെന്ന് ധരിക്കുന്നവരെ പോലെ പെരുമാറുന്നു. അങ്ങനെ ആ വാർത്ത ഒരേ സമയം തെറ്റും, എന്നാൽ അതിന്റെ ഇമ്പാക്റ്റ് ശരിയുമായി ഇരിക്കുന്നു.

മോഹൻലാലിനെ തെറി വിളിച്ചവനെ ഹാക്ക് ചെയ്തു എന്ന വാർത്തയും, മണിയുടെ വീഡിയോയും മാത്രമല്ല, ഇത് പോലെ ഒട്ടനവധി നിരവധിയുണ്ട്. അതിലെ ഒന്നാണ് പത്തു രൂപാ കോയിൻ ബാൻ ചെയ്തു എന്ന വാർത്ത. ഇത് വ്യാജ വാർത്തയാണ് എന്ന് എല്ലാവർക്കും അറിയാം. പ്രമുഖ പത്രത്തിൽ വരെ അച്ചടിച്ച് വന്നൊരു വ്യാജ വാർത്ത. എന്നാലും അടുത്ത ഇടപാടിൽ വാങ്ങിയിലെങ്കിൽ ബാങ്കിലൊക്കെ പോയി മാറേണ്ടി വരുന്ന ബുദ്ധിമുട്ട് ഓർത്ത് നമ്മൾ ആ കോയൻ വാങ്ങാതിരിക്കും. ഇത്രയും ബുദ്ധിയുള്ള നിങ്ങൾ ചെയ്യുമ്പോൾ അതിൽ വല്ല കാര്യവും കാണും എന്ന് വിചാരിച്ച് നാലാളുകൂടി വാങ്ങാതാവും. അങ്ങനെ അങ്ങനെ ആ വാർത്തയും കോയനും ഒരേ സമയം വ്യാജനാവും.

ഇത് പോലെ തന്നെയാണ് ആധാറിന്റെ ഗതിയും. അത്യാവശ്യം ബോധമുള്ള, വായിച്ച് വിവേകം വന്ന ചിലരെങ്കിലും അതെടുക്കാതെ ഒന്ന് റെസിസ്റ്റ് ചെയ്ത് നിൽക്കും. അങ്ങനെ നിൽക്കുമ്പോൾ നമ്മടെ ബാങ്ക് വിളിക്കും (ബാങ്കേ!) അകൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണ്ടേ സാർ എന്ന് ചോദിച്ച് തുടങ്ങും. അധാർ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ ആധാർ ഗുണങ്ങളുടെ പട്ടികയായി - ആധാറില്ലെങ്കിൽ പപ്പടം ഒറ്റപൊള്ളമായി കാച്ചാൻ കഴിയില്ല എന്ന മോഡൽ ഡയലോഗുകൾ. ഇതൊക്കെ കേട്ട് ഇനി ഒരു ബുദ്ധിമുട്ട് വേണ്ട എന്ന് വിചാരിച്ച് ഈ പണിക്കിറങ്ങുമ്പോൾ നിങ്ങളുടെ പിന്നാലെ ഇത്രപേർ നിങ്ങളെ കണ്ട് ഇതിനു ഇറങ്ങുമെന്ന് ഓർക്കുക.

വെൽ, ഒരു ഇമെയിൽ, അകൗണ്ടൊക്കെ ഒന്ന് പോയാൽ, വേറൊന്ന് നല്ലതുണ്ടാക്കാം. ബയോ മെട്രിക്ക് ഒന്നെയുള്ളു. ജാഗ്രതൈ.

എനിക്കിതുവരെ ആധാർ ഇല്ല. ആധാർ ലിങ്ക് ചെയ്യാൻ ആവശ്യപ്പെടുന്ന ബാങ്കുകളുമായി പബ്ലിക്ക് ട്വീറ്റിൽ അത് നിർബന്ധമല്ലെന്ന് ഉറപ്പ് വാങ്ങുന്നുണ്ട്, അതിനു വലിയ വിലയൊന്നും ഇല്ലെങ്കിലും. ആധാർ ഗുണങ്ങളിൽ അവർ പറയുന്ന ഗുണങ്ങൾ പലതിനും ആധാർ ഇല്ലാതെ ചെയ്യാനും വഴികൾ ഉണ്ട്. പിന്നെ (എച് ഡി എഫ് സിയുടെ കാര്യത്തിൽ ) ഞാൻ നഷ്ടപ്പെടുത്തുന്നത് 300 രൂപക്ക് മുകളിൽ ഫാസൂസിൽ നിന്ന് ഫുഡ് വാങ്ങിയാൽ കിട്ടുന്ന 20% ഡിസ്കൗണ്ടും ഓൺലൈനിൽ ബാറ്റ ചെരുപ്പ് വാങ്ങിയാൽ കിട്ടുന്ന 15% ഓഫും ആണ്. അത് ഞാൻ അങ്ങ് സഹിച്ചു.