സിനിമ ഇറങ്ങിയതിന്റെ മൂന്നാം പക്കം ക്യാമറാ പ്രിന്റ് എന്ന വ്യാജൻ മാർക്കെറ്റിലിറങ്ങുന്നത് ഏത് ഭാഷയിലെ സിനിമക്കും കഷ്ടമാണ്. ഗതികേടാണ്. റിലീസ് ചെയ്ത മലയാള സിനിമക്ക് ക്യാമറാ പ്രിന്റ് വ്യാജൻ ഇറങ്ങുന്നുണ്ടെങ്കിൽ അതിന്റെ വഴി ഊഹിക്കാൻ സേതുരാമയ്യർ ഒന്നും വേണ്ടാ, അഡ്വെക്കേറ്റ് മുകുന്ദനുണ്ണി പറഞ്ഞത് പോലെ നാലാം ക്ലാസ് ഗുസ്തിയും അല്പം കോമൺ സെൻസും മതി.

ഇത്തരം പ്രിന്റുകൾക്ക് പിന്നാലെ പ്രവർത്തിക്കുന്ന ‘ഗാങ്ങിന്റെ’ പിന്നിലെ പോവാതെ, വ്യാജന്റെ പൊട്ടൻഷ്യൽ കാണികളെ പൊട്ടനാക്കുന്ന വിധം നെറ്റിൽ പടം കാണുന്നവരെ പോലീസ് നിരീക്ഷിക്കും, പത്ത് മില്ല്യൻ ഡോളർ പിഴ ചുമത്തും, തീവ്രവാദി ബന്ധമാരോപിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുന്നത് മണ്ടത്തരമാണ്.

അതിലും വല്യ ഷോ ഓഫുണ്ട്, ഒരു പയ്യൻസിനെ പിടിച്ച് പോലീസ് കേസെടുക്കൽ! ഏജന്റ് ജാദുവിന്റെ ബാച്ചിലർ പാർട്ടി മുതൽ എല്ലാ വ്യാജ സിനിമാ കേസിനും പ്രതികൾ പ്രായം തികയാത്ത വിദ്യാർത്ഥികളാണ് - അതിപ്പൊ ചോർന്ന വീഡിയൊ തന്നെ സെൻസർ കോപ്പി എന്ന് പറഞ്ഞാലും, പെടുന്നത് +2ക്കാരനാണ്.