ഒരേ അച്ചിൽ വാർത്തെടുത്തതാണ് മലയാള ടെലിവിഷനുകളിലെ താരഅഭിമുഖങ്ങൾ. ചോദ്യങ്ങളും ശൈലികളും എല്ലാം സ്ഥിരം. ബഹുഭൂരിപക്ഷം അഭിമുഖവും ഒരു സിനിമയുടെ പ്രമോഷനു വേണ്ടി ആയിരിക്കും. സൂപ്പർ താരാമാണെങ്കിൽ അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന അഭിനയ രീതി, അല്ലെങ്കിൽ പ്രായം കുറയാത്തതിന്റെ സീക്രറ്റ്. (മേല്പറഞ്ഞതിൽ രണ്ടാമത് പറഞ്ഞ വ്യക്തിയെ ഒന്നിൽ കൂടുതൽ ആളുകൾ അഭിമുഖം ചെയ്യുന്നതാണ് കഴിഞ്ഞ പത്ത് കൊല്ലമായുള്ള ശൈലി, ഒപ്പം സീരിയസ് കോമഡിയും) പുതുമുഖ നടിമാരോട് ആദ്യ ഷോട്ട് അനുഭവവും സൂപ്പർ നടനോടൊപ്പം അഭിനയിച്ചപ്പോൾ എന്ത് തോന്നിയെന്നും. ഉത്തരങ്ങൾക്കും ഉണ്ട് ഒരേ ഫോർമ്മാറ്റ്. അതിനൊരു ഉഗ്രൻ പാരഡി വരെ വന്ന് കഴിഞ്ഞു.

ഈ ശൈലികളിൽ നിന്ന് മാറിയുള്ള ഒരു അഭിമുഖ അനുഭവം ജോൺ ബ്രിട്ടാസിന്റെ സ്വന്തം ജംക്ഷനാണ്. ദിലീപ് സിനിമകളിലെ വളുപ്പിനെ തോൽപ്പിക്കുന്ന കോമഡി കമന്റുകൾക്ക് പുറമെ, പരിപാടിയിൽ താരത്തിന്റെ സുഹൃത്തുക്കൾ ചോദിക്കുന്നതായി റെക്കോർഡ് ചെയ്ത ചില ചോദ്യങ്ങൾ കാണും. താരം നൽകുന്ന ഉത്തരങ്ങളെ ആ ചോദ്യത്തിലേക്ക് എത്തിക്കാനായുള്ള പ്രയത്‌നമാണ് പരിപാടിയുടെ കാതാൽ. ആദ്യ ചോദ്യത്തിന്റെ ഉത്തരം ഉന്തി രണ്ടാം ചോദ്യത്തിലേക്ക് എത്തിക്കും. ഒരു ചോദ്യത്തിൽ നിന്ന് അടുത്ത ചോദ്യത്തിലേക്ക് ‘പത്രിയെ’ കൊണ്ട് തന്നെ വഴി വെട്ടിക്കുന്നതിലാണാണ് പരിപാടിക്ക് ജംഗ്ഷൻ എന്ന് പേരിട്ടതെന്ന് സംശയമുണ്ട്.

കുറവാണെങ്കിലും നല്ല സിനിമാ അഭിമുഖങ്ങൾ മലയാളത്തിൽ ഉണ്ട്. സേതുലക്ഷ്മിക്കും വിനായകനും അവരുടേതായ സ്പേസ് നൽകി കൊണ്ട് റിപ്പോർട്ടറും ഏഷ്യാനെറ്റിനു വേണ്ടി ജിമ്മി ജേയിംസും നടത്തിയ അഭിമുഖങ്ങൾ, സിനിമക്ക് മുൻപായ് മനീഷ് സൗത്ത് ലൈവിനു വേണ്ടി നടത്തുന്ന ദീർഘ സംഭാഷണങ്ങൾ, നാരദയിൽ പ്രസിദ്ധീകരിച്ച ശ്യാം പുഷ്കറുമായുള്ള അഭിമുഖം എന്നിങ്ങനെ പലതും.

അത്തരത്തിലുള്ള അഭിമുഖങ്ങളാണ് നവമാധ്യമങ്ങളിൽ നിന്ന് വേണ്ടത്. അല്ലാതെ ഒരു സിനിമയെ പ്രമോട്ട് ചെയ്യാൻ വേണ്ടി മാത്രമുള്ള വാചക കസർത്തും, റിയാലിറ്റി ഷോകളെ തോല്പിക്കുന്ന എഡിറ്റുമല്ല.