ഡിസൈൻ ചെയ്ത് പണിമേടിച്ച രണ്ട് സുഹൃത്തുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഒരുപാട് സമയം ചിലവഴിച്ച ഡിസൈനുകൾ വെളിച്ചം കാണാതെ ഇരിക്കുന്നതിന്റേയും അധ്വാനത്തിനു ക്ലൈന്റ് പത്ത് പൈസ തരാത്തതിന്റേയും ദുഃഖം അറിയാം. അനുഭവമുണ്ട്. ദിവസങ്ങൾ ഇരുന്ന് ഡിസൈൻ ചെയ്ത ആദ്യ സിനിമാ ടൈറ്റിൽ സംവിധായകൻ ഓകെ പറഞ്ഞതിനു ശേഷം ന്യൂമറോളജി പ്രകാരം നിർമ്മാതാവ് മാറ്റിയതും ആഴ്ചകൾ ഇരുന്ന് ഒറിയോൺ വരച്ച ടൈറ്റിലുകൾ ആരും കാണാതെ ഞങ്ങളുടെ ഡ്രോപ്പ് ബോക്സിൽ കുഴിച്ച് മൂടിയതെ വരെയുള്ള പല ദുരനുഭവങ്ങളും ഉണ്ട്.

ഡിസൈനർ ടിപ്പ് എഴുതാൻ മാത്രമുള്ള വിവരമൊന്നും ഇല്ല. എന്നാലും പലരോടും പണ്ട് പറഞ്ഞത്, പണികിട്ടി പഠിച്ച ചില കാര്യങ്ങൾ പറയുന്നു.

1. കാശ് വാങ്ങി പണിയെടുക്കുക. ചെയ്യുന്നത് ജോലിയാണ്. അതിനു കാശു വാങ്ങുന്നത് മോശമായ കാര്യമല്ല. ഇനി നല്ല വർക്കാണ്, ചെയ്യണമെന്നുണ്ട്, പക്ഷെ കാശില്ലെന്നാണ് അവസ്ഥ എങ്ങിൽ ഫ്രീ ആയി ചെയ്ത് കൊടുത്തോളു. സ്വയം വില കുറയ്ക്കരുത്. Either fee or free, not cheap.

2. അഡ്വാൻസ് വാങ്ങി മാത്രം പണി തുടങ്ങുക.. ഡിസൈൻ ഇഷ്ടപ്പെടാത്തെ ക്ലൈന്റ് മറ്റൊരു ഡിസൈനറെ കണ്ടാൽ അഡ്വാൻസ് നിങ്ങളുടേതാണ്. അത് ക്ലൈന്റ് എടുക്കുന്ന റിക്സ് ആണ്. 30% ഒരു സ്റ്റാഡേർഡ് അഡ്വാൻസ് ആണ്.

3. മൂന്ന് മണിക്കൂറിൽ ഒരു ഡിസൈൻ വേണമെന്ന് പറഞ്ഞ്, ആകെ മൂന്ന് മണിക്കൂർ അല്ലേ പണിയടുത്തത്, ഇത്രയും മിനിമൽ ആയി ഡിസൈൻ ചെയ്യാൻ ഇത്രയും കാശോ എന്നൊക്കെ ചോദിക്കുന്നവരെ, ആദ്യ സിറ്റിങ്ങിൽ, വർക്ക് തുടങ്ങുന്നതിനു മുൻപ് തന്നെ "ഡീൽ" ചെയ്യുക. സത്യൻ അന്തിക്കാട് സ്റ്റൈൽ പ്രീച്ചിങ്ങ് ഒന്നും വേണ്ടാ, കാര്യം ആദ്യമെ അങ്ങ് തുറന്ന് പറയുക. അത്ര തന്നെ.

4. ക്ലൈന്റ് സൈഡിൽ വലിപ്പിച്ച് തുടങ്ങിയാൽ ആത് മുഖം നോക്കി പറയുക. ആദ്യമെ ഒരു ടൈംലൈൻ ഉണ്ടാക്കി അതിൽ വർക്ക് ചെയ്യുക, ടൈംലൈൻ, അവർ വലിച്ച് നീട്ടുന്നത് അവരോട് തന്നെ പറയുക. (പറയുന്ന ടൈംലൈൻ നടക്കുന്നതായിരിക്കണം.)

5. ലോഗൊ പോലുള്ള ബേസിക്ക് ഡിസൈനുകൾക്ക് പത്തും ഇരുപതും ഓപ്ക്ഷൻ നൽകാതിരിക്കുക. അവർ കൺഫ്യൂഡ് ആവും. മാക്സിമം മൂന്ന് ഓപ്ഷനു മീതെ കൊടുക്കാതിരിക്കുക.

6. ഇനി വലിയ പ്രൊജക്റ്റ് ആണെങ്കിൽ മൊത്തം പ്രൊജക്ട് ചെയ്യാൻ ഇത്ര മണിക്കൂർ ഇത്ര കാശ്, ഇക്സ്ട്രാ വരുന്ന പണിക്ക് മണിക്കൂറിനു ഇത്ര രൂപ എന്ന രീതിയിൽ ഡീൽ ഉണ്ടാക്കുക. സമയം ക്ലൈന്റിനും കാണാവുന്ന വിധം ലോഗ് ചെയ്യുക. (ഗൂഗിൽ സ്പ്രെഡ് ഷീറ്റ് മതി)

7. ചില്ലർ ഭിം പോലുള്ള ആപ്പുകൾ ഉള്ള ക്ലൈറ്റാണെങ്കിൽ മെയിലും എസ്എംഎസും അല്ലാതെ അങ്ങോട്ട് മണി റിക്വസ്റ്റ് തന്നെ അയക്കുക. 😉

8. ക്ലൈന്റ് പറയുന്ന കാര്യങ്ങളിൽ തന്നെ കൊണ്ട് ചെയ്യാവുന്നത് മാത്രം ഏറ്റെടുക്കുക. മറ്റ് ആളുകൾ പ്രൊജക്റ്റിൽ ഉണ്ടെങ്കിൽ തുറന്ന് പറയുക. കൊക്കിൽ ഒതുങ്ങുന്നത് മാത്രം കൊത്തുക. പറയുന്ന വിഡ്ഢിത്തരങ്ങൾ ആണെങ്കിൽ തിരുത്തുക, നോ പറയാൻ പഠിക്കുക.