ഞാൻ പാലക്കാട് മിഷ്യൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഈ സംഭവം. ജിയോഗ്രഫിക്കലി പാലക്കാടിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. (വിക്ടോറിയക്കാർ പലതും പറയും. പോവാൻ പറ!) സ്കൂളിന്റെ ഗേറ്റ് കിടന്ന് റോഡ് ക്രോസ് ചെയ്താൽ എത്തുന്നത് കൈരളി ബാറിന്റെ പാർക്കിങ്ങിലേക്കാണ്. കൈരളിയോട് ചേർന്ന് അടുത്ത കെട്ടിടത്തിൽ രാജധാനി ബാറും.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അടുത്തുള്ള ബാറുകൾ പൂട്ടണമെന്ന നിയമം വന്നു. രണ്ട് ബാറും പൂട്ടി. കൈരളിക്കാരൻ ഹൈകോർട്ടിലും സുപ്രിം കോർട്ടിലും ഒക്കെ പോയി എങ്ങനെയൊ സ്റ്റെ ഒപ്പിച്ചു. മറ്റൊരു ബാർ പണിതത്തിനു ശേഷം അങ്ങോട്ട് മൂന്ന് മാസം കൊണ്ട് മാറാം എന്നോ മറ്റുമാണ് ധാരണ. (വലിയ ഉറപ്പൊന്നുമില്ല. നരസിംഹം ഇറങ്ങിയ കാലത്തായത് കൊണ്ട് നന്ദഗോപൽ മാരാരേ പോലെ ഒരു സിറ്റിംഗിനു ലക്ഷം വാങ്ങുന്ന വക്കീലാണ് എന്നൊക്കെ കേട്ടിട്ടുണ്ട്) രാജധാനി അതിന്റെ മുന്നിലെ ഗേറ്റ് മതിലു കെട്ടി അടച്ച് പിന്നിലുള്ള പാസ്പോർട്ട് ഓഫീസ് വഴി മറ്റൊരു വഴി ഉണ്ടാക്കി ബാർ തുറന്നു. അത് ശരിയല്ലെന്ന് പറഞ്ഞ് പ്രശ്നങ്ങളായി. കൈരളി മുതലാളി കാശ് കൊടുത്ത് (സൈറ്റേഷൻ നീഡഡ്) ഒരു മദ്യവിരുദ്ധ കൂട്ടയ്മ അവിടെ പ്രശ്നമുണ്ടാക്കിയതും അത് നടക്കാതെ വന്നപ്പോൾ ഒരു രാത്രി കൊണ്ട് പുതിയ ഗേറ്റിന്റെ അടുത്ത് ഒരു ക്ഷേത്രം തന്നെ വന്നതും അങ്ങനെ ഐതിഹ്യങ്ങൾ പലവിധം. വിസ്താരഭയത്താൽ പറയുന്നില്ല. എന്തായാലും കൈരളി ഇപ്പോഴും സജീവമായി, അന്നത്തെ സ്റ്റെ അള്ളി പിടിച്ച് നിൽപ്പുണ്ട്. രാജധാനി നല്ല വിധത്തിൽ ഓടാത്തതിനാൽ പൂട്ടി എന്നാണ് കേൾവി.

പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ, ഈ 250 മീറ്റർ ദൂരമുണ്ടാക്കാൻ വഴി വളച്ച് കെട്ടുന്നതും പുതിയ ഗേറ്റ് വക്കുന്നതൊന്നും ന്യു ജെനറേഷൻ ഇനൊവേഷൻസ് അല്ല. എല്ലാം നമ്മുടെ പൂർവ്വീകർ ചെയ്തിരുന്നു. ആർക്കേവിസ് വൃത്തിയായി പഠിക്കാത്തത് കൊണ്ടാണ് ഇതൊക്കെ ഇപ്പോൾ കാണുമ്പൊ ആശ്ചര്യമായി തോന്നുന്നത്.പഴയ താളിയോലകൾ നോക്കൂ, (അല്ലെങ്കിൽ ഗോക്രിയോട് ചോദിക്കൂ) ഈ വിദ്യ സൂചിപ്പിക്കുന്ന സംസ്കൃത ശ്ലോകങ്ങൾ വരെ കാണാം.