അമേരിക്കക്കാർ അവരുടെ വാട്ട്സാപ്പും ചൈനക്കാർ അവരുടെ വീ-ച്ചാറ്റും മാത്രമെ ഉപയോഗിക്കുന്നുള്ളു എന്നും, ഇന്ത്യക്കാർ വാട്ട്സാപ്പ് ഉപയോഗിക്കുന്നത് വഴി 2800 കോടി രൂപ പ്രതിവർഷം അമേരിക്കയിലേക്ക് എത്തുന്നുവെന്നും, ഇത് തടയാൻ ഇന്ത്യക്കാരന്റെ സ്വന്തം സോഷ്യൽ മീഡിയ ഇൻസ്റ്റാളാൻ പറഞ്ഞുള്ള വാട്ട്സാപ്പ് മെസേജ് ഇന്നും കിട്ടി. മലയാളികൾക്ക് ഈ ആപ്പിൽ അഭിമാനിക്കാം എന്നും 10 പേർക്ക് ഈ സന്ദേശം അയച്ചാൽ 497.54 പൈസ ടോക്ക് ടൈം ആയി കിട്ടും എന്ന് 'ഇന്നതെ ടൈംസ് ഓഫ് ഇന്ത്യ' ഏഴാം പേജിൽ വാർത്തയുണ്ടെന്ന് കൂടി ഈ ഫോർവേർഡ് പറയുന്നു.

അപ്പിന്റെ ഗൂഗിൽ പ്ലെ സ്റ്റോറിൽ പോയപ്പോൾ ഒന്ന് ഞെട്ടി, അമ്പതിനായിരം ഡൗൺലോഡ്, 4.0 റേറ്റിങ്ങ് - ഐറ്റം എന്താണെന്നല്ലേ? മ്മടെ ടെലിഗ്രാമിനെ പേരു മാറ്റി വിളിച്ചിരിക്കുക തന്നേ! (ഇൻസ്റ്റാൾ ചെയ്താൽ പഴയ ടെലിഗ്രം ആപ്പിൽ ചെയ്ത ചാറ്റ് മുഴുവൻ ഇതിൽ കാണാം)

ടെലിഗ്രാം എന്ന ആപ്പ് ഉണ്ടാക്കിയത് ഇന്ത്യക്കാരണാണെന്നും അമേരിക്കൻ ചാരസംഘടനയുടെ ആപ്പാണ് വാട്ട്സാപ്പെന്നും ഇന്ത്യനെന്ന് അഭിമാനിക്കുന്ന മലയാളി വാട്ട്സാപ്പ് വിട്ട് ടെലിഗ്രാമിൽ വരണമെന്നു ഘോര ഘോരം പറഞ്ഞ മേജർ രവി സിനിമാ മോഡൽ ഫോർവേർഡ് ഇറക്കിയ വേന്ദ്രനെ എനിക്കറിയാം. ഇത് അതിലും ഒരു പടി മുന്നിൽ! അതും ഫ്രീ ടാക്ക് ടൈം ആന്റ് അഭിമാനം!! സത്യം, മലയാളികൾക്ക് ഈ "ആപ്പി"ൽ അഭിമാനിക്കാം!!