പുലിമുരുകൻ, 2016 : ആഘോഷിക്കാനായി തീയറ്ററിലേക്ക് കയറുന്നവർക്ക് ആർപ്പുവിളിക്കാനും ആഹ്ലാദിക്കാനുമായി സിനിമയിൽ രണ്ട് ചെരുവകൾ ഉണ്ട് - മോഹൻലാൽ എന്ന നടനും, അദ്ദേഹത്തിന്റെ ആക്ഷൻ സീക്വൻസും. ഊഹിക്കാവുന്ന ട്വിസ്റ്റുകളും നായകസ്തുതിക്ക് വേണ്ടി മാത്രം നിരന്ന് നിൽക്കുന്ന ഒരു കൂട്ടം നടന്മാരും കേട്ട് മടുത്ത ഡയലോഗുകളുടെ ഇടയിലും സിനിമക്ക് ഊർജ്ജം പകരുന്നത് നായകന്റെ സാനിധ്യം മാത്രമാണ്.

മലയാളത്തിൽ അവതരിച്ച തെലുങ്ക് സിനിമയാണ് പുലിമുരുകൻ. നാഗാർജ്ജുന / രവി തേജാ / ജൂ. എൻടിആർ സിനിമകളിൽ കാണുന്ന ലോജിക്ക് മാത്രമാണ് പുലി മുരുകനുള്ളത്. കഥാപാത്രത്തിനു വാറുണ്ണിയായും പശ്ചാത്തലത്തിനു മുളങ്കൊല്ലിയുമായി സാമ്യമുണ്ടെങ്കിലും രഞ്ജൻ പ്രമോദാവാനൊ ലോഹിതദാസ് ആവാനൊ ഉദയകൃഷ്ണൻ ശ്രമിക്കുന്നില്ല.

പല സിനിമകളിലായി കണ്ടു മടുത്ത കഥാ സന്ദർഭങ്ങളും നമിതയെ വച്ച് 'കട്ടുപ്പുടി' ബിജിഎം ഇട്ട് നടത്തുന്ന കോമാളിത്തരവും, ഫ്ലാഷ്ബാക്കിന്റെ ഉള്ളിലെ ഫ്ലാഷ്ബാക്കിന്റെ ഉള്ളിലെ ഫ്ലാഷ്ബാക്കും (ഒരു നിമിഷം ഇൻസെപ്ഷൻ ആണൊ എന്ന് ധരിച്ച് പോയി) സുരാജിന്റെ സ്ഥിരം കോമഡികളും, ഒരു ബന്ധവുമില്ലാതെ ഷോക്കടിച്ച പോലെ നിൽക്കുന്ന കമാലിനിയും സിനിമയിലെ പോരായ്മകളാണ്.

ഏറെ കാലത്തിനു ശേഷം നല്ലൊരു ഫ്ലാഷ്ബാക്ക് ബാലതാരത്തെ കാണാൻ സാധിച്ചു എന്നത് പുലിമുരുകന്റെ പ്രത്യേകതയാണ്. ഒരു പക്ഷെ സ്ഫടികത്തിൽ തോമസ് ചാക്കോക്ക് ശേഷം എറ്റവും നന്നായി മോഹൻലാലിന്റെ ബാല്യ കാലം ചെയ്തത് ഈ പയ്യൻസ് ആണെന്ന് പറയാം.