കബാലി, 2016 : ഒരു സ്ഥിരം രജിനി മാസ് സിനിമയെക്കാൾ ഒരു പാ രഞ്ജിത്ത് സിനിമയാണ് കബാലി. ഗാങ്ങ്സ്റ്റർ സിനിമകളിൽ കണ്ട പല സ്ഥിരം നമ്പറുകളും കബാലിയിൽ ആവർത്തിക്കുന്നുവെങ്കിലും രജ്നി സിനിമയിൽ പ്രതീക്ഷിക്കാത്ത പല കഥാപാത്രങ്ങളും സന്ദർഭങ്ങളും കബാലിയിൽ ഉണ്ട്.

നിമിഷാർദ്രം കൊണ്ട് ഗ്രാമത്തെ പട്ടണമായി മാറ്റുന്ന, ആയിരം പേരെ കൊന്ന് പതിനായിരം പേരെ രക്ഷിക്കുന്ന സ്ഥിരം രജ്നി നായകന്മാരിൽ നിന്ന് മാറി തന്നെകൊണ്ട് എന്ത് ചെയ്യാനാവും എന്ന് ചോദിക്കുന്ന സാധാരണക്കാരനായ 'വൃദ്ധനായ' രജ്നി കഥാപാത്രംസൂപ്പർ സ്റ്റാർ രജ്നിയെ അല്ല, അഭിനയിക്കാൻ അറിയുന്ന അഭിനയിക്കാൻ കഴിവുള്ള രജ്നികാന്തിനെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. (മുള്ളും മലരും, 16 വയതിനിലെ, തിലുമുള്ള് തുടങ്ങിയ സിനിമയിലെ രജ്നിയെകാണാത്ത പോസ്റ്റ്-ബാഷ / പോസ്റ്റ്-അണ്ണാമലൈ ഫാൻസിനു ഇത് ദഹിക്കുമൊ എന്ന് സംശയമാണ്)

രാധികാ ആപ്തെ, കിഷോർ, ദൻസിക എന്നിവരുടെ പ്രകടനം ഗംഭീരം. മുൻ സിനിമകളിൽ ഒപ്പം പ്രവർത്തിച്ച ക്രൂവും ഒട്ടുമുക്കാൽ കാസ്റ്റും ഈ സിനിമയിലും ഉണ്ടെങ്കിലും 'മദ്രാസിന്റെ' പോലെ ഒരു താളം കൊണ്ടുവാരൻ സിനിമക്ക് കഴിയുന്നില്ല. സന്തോഷ് നാരായണന്റെ ഗംഭീരമായ പാട്ടുകൾ വെറും പശ്ചാത്തല സംഗീതമായി ഒതുങ്ങിപോയതും ഖേദകരമാണ്.

സൂപ്പർ സ്റ്റാറിനു മുന്നിൽ തന്റെ രാഷ്ട്രീയം പാ രഞ്ജിത്ത് മറന്നില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ട നല്ലകാര്യമാണ്. ആദ്യ ഷോട്ടിൽ രജ്നി വായിക്കുന്ന My Father Balaiah, ഗാന്ധിയുടെ ഖദറിനും അബേദ്കറിന്റെ കോട്ടിനുമുള്ള രാഷ്ട്രീയ അർത്ഥം മുതൽ അതി ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളും സംവിധായകന്റെ രാഷ്ട്രീയത്തെ എടുത്ത് കാണിക്കുന്നു.

ഒറ്റകൈയിൽ ട്രൈൻ പൊക്കി മറ്റേ കൈയിൽ ചിക്ലറ്റ്സ് കഴിക്കുന്ന രജനി സിനിമയെ മാത്രം പ്രതീക്ഷിച്ച് പോകുന്നവരെ റിയലിസം ഒരു പക്ഷെ നിരാശപ്പെടുത്തിയേക്കാം. രജ്നിയെന്ന നടനെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമയൊരു 'മഗിഴ്ചി'യും.