പള്ളി പരീക്ഷയിലെ ആദ്യ നാലു് ചോദ്യം എന്തുതന്നെയായാലും ഉത്തരം 'ദൈവം' ആണെന്ന മഹത് സത്യം പരീക്ഷയ്ക്കു് മുമ്പെ അവനറിയാമെങ്കിലും മനുഷ്യനെ ആരു് സൃഷ്ടിച്ചു എന്ന ചോദ്യത്തിനു് അവന്‍ എഴുതിയതു് പള്ളിക്കു നിരക്കാത്ത ഉത്തരമായിരുന്നു. അവനെഴുതിയ ഉത്തരം വെട്ടിത്തിരുത്തി വികൃതമാക്കി പള്ളി പറഞ്ഞ സത്യം അവന്‍ എഴുതിയെങ്കിലും അവന്റെ ഉത്തരക്കടലാസു കാണാന്‍ ഭാഗ്യം കിട്ടുന്നവര്‍ക്കെല്ലാം അറിയാം അവന്റെ മനസ്സില്‍ നിന്നുള്ള ശരിയുത്തരം എന്താണു് എന്നു്. ഇതു് തന്നെയാണു് പാപിലൊ ബുദ്ധാ എന്ന സിനിമയും. വ്യക്തമായ രാഷ്ട്രീയം പുലര്‍ത്തുന്ന ചിത്രമാണു് പാലിലൊ ബുദ്ധ. നാടകീയത തീരെയില്ലാതെയും തന്റെ രാഷ്ട്രീയത്തെ മഹത്വവല്‍ക്കരിക്കാതെയും രാഷ്ട്രീയം പറയുന്ന സംവിധായകനും പ്രകൃതിദൃശ്യങ്ങളെയും മനുഷ്യശരീരത്തെയും സിനിമയുടെ ഉള്‍ക്കാമ്പിനു് ശക്തിനല്‍കുംവിധം ഫ്രേമുകള്‍ തീര്‍ത്ത ഛായാഗ്രാഹകനും ഒരുപാടു് ഷോട്ടുകള്‍ കുത്തിനിറയ്ക്കാതെ സ്വാഭാവികത നല്‍കിയ എഡിറ്ററും നിശബ്ദതയെ പശ്ചാത്തലസംഗീതമാക്കിയ സംഗീതസംവിധായകനും മത്സരിച്ചഭിനയിച്ച നടീനടന്മാരും ഉണ്ടെങ്കിലും ഈ ചലച്ചിത്രത്തെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം സെന്‍സര്‍ ബോര്‍ഡ് എന്ന മഹാത്മാവിന്റെ കൈയൊപ്പുകളാണു്. സിനിമ തീയറ്ററില്‍ കാണുമ്പോള്‍ ഏറ്റവും വിചിത്രമായി തോന്നിയ സെന്‍സര്‍ബോര്‍ഡ് കരവിരുതു് രണ്ടെണ്ണമാണു്. ഭാഷാ സദാചാരവാദികളെ ഉറക്കംകെടുത്തുന്ന അസഭ്യവാക്കുകളായ 'മൈരും,' 'പുലയാട്ടും' ശ്രവണസുന്ദരമായി സംഭാഷണത്തില്‍ കയറിവരുമ്പോള്‍ ഗാന്ധി, അഹിംസ എന്നീ വാക്കുകള്‍ നിശബ്ദമായി മാറുമ്പോള്‍, ഗാന്ധിയും അഹിംസയും സെന്‍സര്‍ ബോര്‍ഡും ഒരു തെറിയായി കാണുന്നുവോ എന്നു തോന്നിപ്പോവും. സിനിമയില്‍ 'ഏതോ' ഒരു പ്രതിമയ്ക്കു് ചെരുപ്പുമാല ഇടുന്നതു് കാണിക്കുന്നുണ്ടു്. പിന്നീടു് ആ പ്രതിമ കത്തിക്കുന്നുമുണ്ടു്. റോഡിലും മൈതാനങ്ങളിലും പാര്‍ക്കിലുമായി കാക്കക്കാഷ്ഠത്തില്‍ കുളിച്ചു് വടിപിടിച്ചുനില്‍ക്കുന്ന ആ പ്രതിമ blur ചെയ്താലും ഏതൊരു പത്തുരൂപ നോട്ടിന്റെ ഉടമസ്ഥനും ആ മഹാത്മാവിനെ മനസിലാക്കാന്‍ കഴിയും എന്ന സത്യം ഓര്‍ക്കുമ്പോള്‍ blur എന്നതു് attention seeking ആയി ചെയ്തതായി തോന്നിപ്പോവും. ബുദ്ധവിഗ്രഹം തല്ലിത്തകര്‍ക്കുന്ന നേരത്തു് ബുദ്ധവിഗ്രഹവും blur ചെയ്യുമ്പോള്‍ അതിനു് മുമ്പും ശേഷവും സ്ക്രീനില്‍ കാണിച്ചതു് അതെ വിഗ്രമമാണെന്നു് ഓര്‍ത്തു് ആരും ഒന്നു ചിരിച്ചുപോവും. സിനിമ എന്ന മാധ്യമം മനുഷ്യനെ ഏറെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്നു് കണ്ണുമടച്ചു വിശ്വസിക്കുന്നവരാണു് സെന്‍സര്‍ ബോര്‍ഡ്. പുകവലിക്കുന്ന നായകനും കള്ളുകുടിക്കുന്ന വില്ലനും മനുഷ്യമനസ്സിനെ സ്വാധീനിക്കാതെയിരിക്കാന്‍ ഒരു മിനിറ്റ് നീണ്ടുനില്‍ക്കുന്ന 'യാഥാര്‍ത്ഥ്യം' രണ്ടുവീതം മൂന്നുനേരം സിനിമയ്ക്കു് മുമ്പു് വിളമ്പാന്‍ തുടങ്ങിയിട്ടു് വര്‍ഷം രണ്ടാവാറായി. ഈ സിനിമയിലെ സ്വാധീനിക്കാന്‍ സാധ്യതയുള്ള വിഷം മുന്നില്‍കണ്ടു് പന്ത്രണ്ടു മിനിറ്റ് നീളത്തില്‍ ഗാന്ധി ഡോക്യുമെന്ററിയും സിനിമയുടെ അവസാനം രഘുപതിരാഘവ രാജാറാമും ഇടാതെയിരുന്നതില്‍ ആശ്വസിക്കാം.